oympics

പ്രതിസന്ധികൾ ഒന്നിനു പിറകെ ഒന്നായി വന്നിട്ടും തകർന്നിട്ടില്ല, ജപ്പാനും ഇവിടത്തെ ജനതയും. അതിനാൽ തന്നെ മഹാമാരിക്കാലത്ത് ലോകത്തിനാകെ പ്രചോദനം പകരാൻ ഒളിമ്പിക്സ് നടത്തി വിജയപ്പിക്കാനൊരുങ്ങുകയാണ് അവർ. ഇന്ന് ടോക്യോയിലെ ഒളിമ്പിക് സ്റ്രേഡിയത്തതിൽ ഉയരുന്ന ദീപം മഹാമാരിക്കാലത്ത് മാനവരാശിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കൂടി പ്രതീകമാണ്.

ഒളിമ്പിക്സ് നടത്തുന്നതുമായി ബന്ധപ്പെട്ട് നിരവിധി എതിർപ്പുകൾ ഉയർന്നുവെന്നത് സത്യമാണെങ്കിലും അതെല്ലാം മറികടന്ന് സംഘാടകർ മുന്നോട്ട് പോയി. ഒളിമ്പിക്സ് വില്ലേജിലും മറ്ര് ഹോട്ടലുകളിൽ താമസിക്കുന്ന ചില താരങ്ങൾക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തെങ്കിലും അതിൽ പരിഭ്രാന്തരാവേണ്ടെന്നാണ് ജപ്പാൻ ഗവൺമെന്റും ഒളിമ്പിക്സ് സംഘാടക സമിതിയും പറയുന്നത്.

ഞങ്ങൾ സന്തുഷ്ടരാണ്

എന്താണെങ്കിലും ഒളിമ്പിക്സ് നടക്കുന്നതിന്റെ ആഘോഷത്തിൽതന്നെയാണ് ജപ്പാൻ ജനത. ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകളോട് അനുബന്ധിച്ച് ബുധനാഴ്ച മുതൽ നാല് ദിവസത്തേക്ക് ജപ്പാനിൽ പൊതു അവധി കൊടുത്തിരിക്കുകയാണ് സർക്കാർ.വീഥികളിൽ ഒളിമ്പിക്സിനെ വരവേറ്റുകൊണ്ടുള്ള കമാനങ്ങളും ചിത്രങ്ങളും പോസ്റ്ററുകളുമുണ്ട്. ഒളിമ്പിക്സ് നടത്തിപ്പിനെ എതിർത്തവർ പോലും ഇപ്പോൾ ലോക കായിക മാമാങ്കത്തെ വരവേൽക്കുകയാണ്. നമ്മുടെ ഓണം പോലെയുള്ള ഒരു ആഘോഷ മൂഡാണിവിടെ. പലയിടങ്ങളിലും ചെറിയ പന്തലൊരുക്കി കെട്ടി ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്. പ്രതിസന്ധികളെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം നടത്തിക്കാണിക്കാനൊരുങ്ങുന്നതിന്റെ അഭിമാനവും ജപ്പാൻ ജനതയുടെ മുഖത്തുണ്ട്.

ഒളിമ്പിക്സിനോടനുബന്ധിച്ച് ടോക്കിയോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ നാട്ടിലേപ്പോലുള്ള കടുത്ത നിയന്ത്രണമല്ല ഇവിടെ അടിയന്തരാവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാത്രി എട്ടു മണിക്ക് ശേഷം റസ്റ്ററന്റുകളും മറ്രും തുറക്കരുത് എന്നത് പോലുള്ള നിയന്ത്രണങ്ങളാണ് ഉള്ളത്. കൊവിഡ് പ്രതിസന്ധിമൂലം മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിനകത്തും മറ്രും പോകാൻ കഴിയില്ലെന്ന സങ്കടം ജപ്പാൻകാർക്കുണ്ടെങ്കിലും വീടുകളിലും ഓഫീസുകളിലുമെല്ലാം ആഘോഷമായിരുന്ന് ഒളിമ്പിക്സ് കാണാനൊരുങ്ങുകയാണവർ.