fff

ജറുസലേം : ഇസ്രയേൽ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെതിരെ ആരോപണങ്ങൾ ഉയരുന്നതിനിടെ സംഭവത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ഇസ്രയേൽ. ഇസ്രയേൽ പ്രതിരോധ വിഭാഗമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടത്. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിലെ പ്രവർത്തന രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൻ.എസ്.ഒ തലവൻ ഷലേവ് ഹുലിയോ ന്നലെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ അന്വേഷണം വേണമെന്നും എന്നാൽ മാത്രമേ തങ്ങൾക്ക് നിരപരാധിത്വം തെളിയിക്കാനാവൂയെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ സൈബർ രംഗത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രേയൽ സർക്കാരിന്റെ അനുമതിയോടെ 45 രാജ്യങ്ങൾക്കാണ് തങ്ങൾ ഈ സോഫ്റ്റ്‌വെയർ കൈമാറിയിട്ടുള്ളതെന്നും സുരക്ഷാകാരണങ്ങളാൽ അവരുടെ വിവരങ്ങൾ കൈമാറാനാവില്ലെന്നും ഹുലിയോ കൂട്ടിച്ചേർത്തു. പെഗാസസ് നിരവധി തവണ പല തീവ്രവാദ പദ്ധതികളും തകർക്കാൻ സഹായിച്ചിട്ടുണ്ടെന്നും എന്നാൽ സോഫ്റ്റ്‌വെയർ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ അതിൽ സുതാര്യമായി അന്വേഷണം നടത്തുമെന്നും ഇസ്രയേൽ പാർലമെന്റ് അംഗം ബെൻ ബരാക്ക് വ്യക്തമാക്കി.

പെഗാസസ് വിഷയം : ദേശീയ സുരക്ഷാ യോഗം വിളിച്ച് ഇമ്മാനുവൽ മാക്രോൺ

പാരിസ്: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇമാനുവൽ മാക്രോണിന്റെ ഫോണിലും പെഗസസ് ഉപയോഗിച്ച് ചാരവൃത്തി നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഫ്രഞ്ച് പ്രസിഡന്റിന്റെ ഫോൺ ചോർത്തപ്പെട്ടിട്ടില്ലെന്ന് ഉറപ്പു പറയാനാകുമെന്ന് എൻ.എസ്.ഒ അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷമാണ് ഇത് സ്ഥിരീകരിച്ചെന്നും എൻ.എസ്.ഒയുടെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രസിഡന്റിന്റേത് ഉൾപ്പെടെ ഫ്രഞ്ച് സർക്കാരിലെ അംഗങ്ങളുടേയും 15 ഓളം ഫ്രഞ്ച് മാദ്ധ്യമ പ്രമുഖരുടെ ഫോണുകളും മൊറോക്കോ രഹസ്യാന്വേഷണ വിഭാഗം ചോർത്തിയെന്നാണ് ആരോപണം. ഫ്രാൻസിലെ ദിനപ്പത്രമായ ലെ മോണ്ടെയുടെ നേതൃത്വത്തിൽ 13 മാദ്ധ്യമസ്ഥാപനങ്ങൾ ചേർന്ന് നടത്തുന്ന അന്വേഷണങ്ങളിലാണ് ലോകരാജ്യങ്ങളെ പിടിച്ചു കുലുക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.