കോലാലംപൂർ: ഇന്ത്യൻ നിർമ്മിത എൽസിഎ തേജസ് എംകെ 1എ യുദ്ധവിമാനങ്ങൾ വാങ്ങാൻ തയാറെടുത്ത് റോയൽ മലേഷ്യൻ എയർഫോഴ്സ്. 18 തേജസ് എംകെ 1 എ ലൈറ്റ്‌കോംപാക്ട് എയർക്രാഫ്റ്റുകളാകും ആദ്യ ഘട്ടത്തിൽ മലേഷ്യ ഇന്ത്യയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചത്. തേജസ് വിമാനം ഒന്നിന് 309 കോടി ഇന്ത്യൻ രൂപ എന്ന ആകർഷകമായ വില മലേഷ്യൻ സർക്കാർ അംഗീകരിച്ചതായാണ് വിവരം. 309 കോടി രൂപയ്ക്ക് വിമാനം കയറ്റുമതി ചെയ്യുമ്പോൾ ആഗോളതലത്തിൽ ഏറ്റവും വിലകുറഞ്ഞ യുദ്ധവിമാനമായി ഇത് മാറും. വിദേശത്ത് സേവനങ്ങൾ നൽകുന്നതിന് അധിക നിരക്കുകൾ ഈടാക്കും. ലൈറ്റ് കോംമ്പാറ്റ് യുദ്ധ വിമാനങ്ങൾക്കായി കഴിഞ്ഞ മാസം 22 നാണ് മലേഷ്യൻ സർക്കാർ അന്താരാഷ്ട്ര ടെൻഡർ വിളിച്ചത്. 10 ലൈറ്റ് കോംബാറ്റ് വിമാനങ്ങൾക്ക് 8 പരിശീലകർ എന്ന അനുപാതത്തിൽ 18 യുദ്ധവിമാനങ്ങൾ വാങ്ങാനാണ് മലേഷ്യൻ സർക്കാരിന്റെ നീക്കം. നിലവിൽ മലേഷ്യൻ വ്യോമസേനയുടെ ഭാഗമായ ബോയിംഗ് എഫ് / എ 18 ഡി ഹോർനെറ്റ്, സുഖോയ് സു 30 എം.കെ.എം എന്നീ വിമാനങ്ങൾക്കൊപ്പം വ്യോമസേനയുടെ കരുത്ത് കൂട്ടാനും കാലപ്പഴക്കം ചെന്ന ചില പരിശീലക വിമാനങ്ങൾക്ക് പകരമായിട്ടുമാണ് പുതിയ വിമാനങ്ങൾ വാങ്ങുന്നത്. സെപ്റ്റംബർ അവസാനത്തോടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് കരാർ സംബന്ധിച്ച ഔദ്യോഗിക ഘട്ടത്തിലേക്ക് കടക്കുമെന്നാണ് സൂചന. എയറോനോട്ടിക്കൽ ഡവലപ്‌മെന്റ് ഏജൻസി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് എന്നിവ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത യുദ്ധ വിമാനമാണ്
തേജസ്