bpcl

ന്യൂഡൽഹി: പൊതുമേഖലാ പെട്രോളിയം റിഫൈനിംഗ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി (എഫ്.ഡി.ഐ) നിലവിലെ 49 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്തണമെന്ന വാണിജ്യ മന്ത്രാലയത്തിന്റെ ശുപാർശ കേന്ദ്ര കാബിനറ്റ് അംഗീകരിച്ചു. പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബി.പി.സി.എൽ) സ്വകാര്യവത്കരണം വേഗത്തിലാക്കുന്നത് ഉന്നമിട്ടാണ് കേന്ദ്ര നടപടി.

നിലവിൽ, ഓട്ടോമാറ്റിക് മാർഗത്തിലൂടെയാണ് പൊതുമേഖലാ റിഫൈനറികളിൽ 49 ശതമാനം വരെ എഫ്.ഡി.ഐ അനുവദിച്ചിരുന്നത്. സ്വകാര്യ മേഖലയിൽ 100 ശതമാനം എഫ്.ഡി.ഐയ്ക്ക് നേരത്തേ അനുമതിയുണ്ട്. പൊതുമേഖലയിലെ നിയന്ത്രണം മൂലം ബി.പി.സി.എല്ലിന്റെ ഓഹരി വില്പനയ്ക്കാനുള്ള താത്പര്യപത്രം സമർപ്പണ നടപടികളിൽ പങ്കെടുക്കാൻ വിദേശ കമ്പനികൾക്ക് കഴിഞ്ഞിരുന്നില്ല. ഇതു പരിഹരിക്കുകയും ഓഹരി വില്പന മികച്ചതാക്കുകയും ലക്ഷ്യമിട്ടാണ് ധനമന്ത്രാലയത്തിന്റെ ശുപാർശയ്ക്ക് കേന്ദ്ര കാബിനറ്റ് പച്ചക്കൊടി കാട്ടിയത്. ഇക്കാര്യം കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡി.പി.ഐ.ഐ.ടി) എക്‌സിക്യൂട്ടീവ് ഓർഡറായി കേന്ദ്ര ഉത്തരവ് വൈകാതെ പുറത്തിറക്കും. മറ്റ് നിയമഭേദഗതികളൊന്നും എഫ്.ഡി.ഐ പരിധി ഉയർത്തിയതിന് ആവശ്യമില്ല. സർക്കാരിന് 52.98 ശതമാനം ഓഹരി പങ്കാളിത്തമാണ് ബി.പി.സി.എല്ലിലുള്ളത്. നിലവിൽ മൂന്ന് കമ്പനികൾ ബി.പി.സി.എല്ലിലെ സർക്കാർ ഓഹരികൾക്കായി രംഗത്തുണ്ട്. ഖനന, എണ്ണമേഖലകളിൽ സാന്നിദ്ധ്യമുള്ള വേദാന്ത, അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ് ഉൾപ്പെടെ രണ്ട് ആഗോള നിക്ഷേപക ഫണ്ടുകൾ എന്നിവയാണവ. നടപ്പുവർഷം (2021-22) പൊതുമേഖലാ ഓഹരി വില്പനയിലൂടെ 1.75 ലക്ഷം കോടി രൂപയാണ് കേന്ദ്രം ഉന്നമിടുന്നത്. ഇതിന്റെ ഭാഗമാണ് ബി.പി.സി.എൽ വില്പന.