blue-whale

കോവളം: കേരളത്തിൽ ആദ്യമായി നീലത്തിമിംഗിലത്തിന്റെ സാന്നിദ്ധ്യം ഗവേഷകർ തിരിച്ചറിഞ്ഞു. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോണിലാണ് ശബ്ദം രേഖപ്പെടുത്തിയത്. ഒന്നാ രണ്ടോ തിമിംഗലങ്ങളുടെ ശബ്ദമാണ് റെക്കോഡ് ചെയ്‌തതെന്നാണ് വിവരം. കൂടുതൽ പഠനത്തിനായി ഈ ശബ്ദം സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ. ദിപാനി സുറ്റാറിയ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ. ബിജുകുമാർ എന്നിവരുൾപ്പെട്ട സംഘം മാസങ്ങളായി തുടർന്ന ഗവേഷണ പദ്ധതിയാണ് വിജയം കണ്ടത്. പഠനത്തിന്റെ ഭാഗമായി വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ തീരത്തുനിന്ന് 50 മീറ്റർ മാറി കടലിൽ മൂന്നു മാസം മുമ്പ് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഓഡിയോ ക്ലിപ്പിൽ മൂന്നുതവണ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്. മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ മാർച്ചിൽ സ്ഥാപിച്ച ഹൈഡ്രോ ഫോൺ ജൂണിൽ തിരികെയെടുത്താണ് വിശകലനം ചെയ്‌തത്.

നീല തിമിംഗലത്തിന്റെ പ്രത്യേകതകൾ

 180 കിലോയോളം തൂക്കം വരുന്ന ഹൃദയത്തിൽ

ഒരു മനുഷ്യന് എളുപ്പം കയറി കിടക്കാം

 8000 ലിറ്ററോളം രക്തം ശരീരത്തിൽ മുഴുവൻ പമ്പു ചെയ്യും.

 ഭീമാകാരമായ വായ ഉണ്ടെങ്കിലും നീലത്തിമിംഗലങ്ങൾക്ക് മനുഷ്യന്റെ

വലിപ്പമുള്ള വസ്തുക്കൾ വിഴുങ്ങാൻ ആകില്ല.

 സ്‌പേം തിമിംഗലങ്ങൾക്ക് എന്തും തിന്നാൻ കഴിയും .നാല് വലിയ

വ്യത്യസ്ത ആമാശയങ്ങളാണ് സ്‌പേം തിമിംഗലങ്ങൾക്കുള്ളത്.

വിഴിഞ്ഞത്ത് വന്നത് കൊഞ്ച് കൊതിയൻ

വലിപ്പത്തിൽ ഭീമനാണെങ്കിലും കൊഞ്ച് (ചെമ്മീൻ) കൊതിയനാണ് നീലത്തിമിംഗിലം. വേറെ ഒരു മീനിനെയും തിന്നില്ല. ദിവസേന നാലുടൺ ചെമ്മീൻ അകത്താക്കുന്ന ഇനത്തിൽപ്പെട്ട രണ്ട് തിമിംഗിലങ്ങളാണ് വിഴിഞ്ഞം തീരത്തുകൂടി കടന്നുപോയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ കൊഞ്ചുകൊതിയൻ തിമിംഗിലങ്ങൾ ധാരാളമുണ്ട്. മറ്റൊരിനം തിമിംഗിലത്തിനിഷ്ടം കണവയാണ്. എന്നാൽ കില്ലർ വെയ്‌ൽ എന്നയിനം തിമിംഗിലങ്ങൾ ഏതുതരം മീനുകളെയും വായ്ക്കുള്ളിലാക്കും. വിഴിഞ്ഞം കടൽ തിമിംഗിലങ്ങളുടെ ആവാസകേന്ദ്രമല്ല, യാത്രാപാത മാത്രമാണെന്ന് തിമിംഗില ഗവേഷണം നടത്തുന്ന കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ.എ. ബിജുകുമാർ പറഞ്ഞു.

തിമിംഗിലങ്ങൾക്ക് പ്രത്യേക ആവാസവ്യവസ്ഥ വേണ്ടെങ്കിലും അന്റാർട്ടിക്കയാണ് ഏറ്റവുമിഷ്ടം. മഞ്ഞുപാളികളും ചെമ്മീൻ പോലുള്ള ക്രിൽ എന്ന ചെറുജീവികൾ ഏറെയുള്ളതുമാണ് കാരണം. ഇന്ത്യയിൽ തിമിംഗിലങ്ങളുടെ സാന്നിദ്ധ്യം ഏറെ കണ്ടെത്തിയത് ലക്ഷദ്വീപിലാണ്. എന്നാൽ അവിടെയും ഇവയ്ക്ക് ആവാസമില്ല. കരയിൽ നിന്ന് 20 കിലോമീറ്ററും അതിലധികവും ദൂരത്തിലൂടെയാണ് ഇതിന്റെ യാത്ര. 100 അടി നീളവും 200 ടൺ ഭാരവുമുള്ള (33 ആനകളുടേതിന് സമം) ശരീരവുമായി ആഴം കുറഞ്ഞിടത്തെത്താൻ ഇവയ്ക്ക് കഴിയില്ല. അതിനാൽ മത്സ്യത്തൊഴിലാളികൾ ഭയക്കേണ്ട കാര്യവുമില്ല. കടൽരാജാവ് എന്നാണ് മത്സ്യത്തൊഴിലാളികൾ ഇതിനെ വിളിക്കാറുള്ളതെന്ന് ഡോ.എ. ബിജുകുമാർ പറഞ്ഞു.

വിഴിഞ്ഞം തീരത്തെ തിമിംഗില സാന്നിദ്ധ്യത്തെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ്. എത്ര തിമിംഗിലങ്ങൾ ഇതുവഴി വരുന്നെന്ന് കണ്ടെത്തണം. ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിനുള്ള മറൈൻ നെറ്റ്‌വർക്ക് ഫണ്ടിംഗ് മാത്രമാണ് തിമിംഗില ഗവേഷണത്തിന് ഇപ്പോൾ ലഭ്യമാകുന്നത്. സർക്കാരിന്റെയോ കേരള സർവകലാശാലയുടെയോ കൂടുതൽ ഫണ്ടിംഗുണ്ടെങ്കിൽ ഗവേഷണം കാര്യക്ഷമമാക്കാം. 2014ൽ കൊല്ലം തങ്കശേരിയിൽ ചത്ത നീലത്തിമിംഗിലം കരയ്ക്കടിഞ്ഞിരുന്നു.