ശ്രീനഗർ: ജമ്മു കാശ്മീരിലെ കനാചാക്ക് പ്രദേശത്ത് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചിട്ടു. രണ്ട് ദിവസം മുമ്പ് സത്വാരിയിൽ നിന്നും സംശയാസ്പദമായ നിലയിൽ മറ്റൊരു ഡ്രോൺ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ജമ്മു വിമാനത്താവളത്തിനു സമീപം പറക്കുകയായിരുന്ന ഡ്രോൺ എൻ എസ് ജിയുടെ ആന്റി ഡ്രോൺ സംവിധാനം കണ്ടെത്തിയിരുന്നു. ഡ്രോണിനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും കാശ്മീർ പൊലീസ് മാദ്ധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞ മാസം ജമ്മു വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിനു ശേഷം എൻ എസ് ജി ആന്റി ഡ്രോൺ സംവിധാനം നഗരത്തിൽ ശക്തിപ്പെടുത്തിയിരുന്നു. സംഭവത്തെതുടർന്ന് ജമ്മു വിമാനത്താവളത്തിന്റെ സുരക്ഷയും വ്യോമസേന വർദ്ധിപ്പിച്ചു.