കോവളം: കേരളത്തിൽ ആദ്യമായി നീലത്തിമിംഗലത്തിന്റെ സാന്നിദ്ധ്യം വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം ഗവേഷകർ തിരിച്ചറിഞ്ഞതിന് പിന്നാലെ ഒറ്റ ദിവസം പത്ത് കപ്പലുകൾ എന്ന അപൂർവതയ്ക്കും തലസ്ഥാനം സാക്ഷിയാവുന്നു. ഇതോടെ അന്തർദേശീയ ക്രൂചെയ്ഞ്ചിംഗ് സെന്ററായ വിഴിഞ്ഞത്ത് കപ്പലുകളുടെ നീണ്ട നിരയെത്തുകയാണ്. നാളെ പത്ത് കപ്പലുകളാണ് ക്രൂ ചെയ്ഞ്ചിംഗിനെത്തുന്നത്. ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ക്രൂചെയ്ഞ്ചിംഗ് നടത്തി പേരെടുത്ത വിഴിഞ്ഞം ഒറ്റ ദിവസം 10 കപ്പൽ എന്ന അപൂർവ നേട്ടവും നാളെ കൈവരിക്കും. കടലിന്റെ സ്വാഭാവിക ആഴവും അന്തർദേശീയ ജലപാതയോട് ഏറെ അടുത്തുകിടക്കുന്നതുമാണ് വിഴിഞ്ഞം തീരത്തിനെ കപ്പലുകളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കേരളത്തിൽ ആദ്യമായി നീലത്തിമിംഗലത്തിന്റെ സാന്നിദ്ധ്യം ഗവേഷകർ തിരിച്ചറിഞ്ഞത്. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോണിലാണ് ശബ്ദം രേഖപ്പെടുത്തിയത്. ഒന്നാ രണ്ടോ തിമിംഗലങ്ങളുടെ ശബ്ദമാണ് റെക്കോഡ് ചെയ്തതെന്നാണ് വിവരം. കൂടുതൽ പഠനത്തിനായി ഈ ശബ്ദം സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ. ദിപാനി സുറ്റാറിയ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ. ബിജുകുമാർ എന്നിവരുൾപ്പെട്ട സംഘം മാസങ്ങളായി തുടർന്ന ഗവേഷണ പദ്ധതിയാണ് വിജയം കണ്ടത്. പഠനത്തിന്റെ ഭാഗമായി വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ തീരത്തുനിന്ന് 50 മീറ്റർ മാറി കടലിൽ മൂന്നു മാസം മുമ്പ് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഓഡിയോ ക്ലിപ്പിൽ മൂന്നുതവണ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്. മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ മാർച്ചിൽ സ്ഥാപിച്ച ഹൈഡ്രോ ഫോൺ ജൂണിൽ തിരികെയെടുത്താണ് വിശകലനം ചെയ്തത്.