ola

ന്യൂഡൽഹി: ഓൺലൈൻ ആയി ടാക്സി ബുക്ക് ചെയ്യാൻ ഇന്ത്യാക്കാരെ പഠിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച കമ്പനിയാണ് ഓല. ഇപ്പോൾ സമാനമായ ഒരു വിപ്ളവം വാഹനവിപണിയിലും കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഓല. പുറത്തിറങ്ങുന്നതിനു മുമ്പ് വിപണിയിൽ തരംഗമായി മാറിയ ഓലയുടെ ഇലക്ട്രിക്ക് സ്കൂട്ടറുകൾ പരമ്പരാഗത ഡീലർഷിപ്പ് സങ്കൽപ്പത്തിന് പകരം ഉപഭോക്താക്കൾക്ക് നേരിട്ട് ഹോം ഡെലിവറി ചെയ്യാനാണ് കമ്പനി പദ്ധതി ഇടുന്നതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഉടമയ്ക്ക് വാഹനം നേരിൽ കണ്ട് മനസ്സിലാക്കുന്നതിന് വേണ്ടി ഓല രാജ്യമൊട്ടാകെ എക്സ്പീരിയൻസ് സെന്ററുകൾ ആരംഭിക്കും. ഈ എക്സ്പീരിയൻസ് സെന്ററുകൾ വഴിയായിരിക്കും വാഹനങ്ങൾ ഉടമകളുടെ കൈകളിലെത്തുക. എന്നാൽ ഇതിനു വേണ്ടി ഉപഭോക്താവ് എങ്ങും പോകേണ്ട ആവശ്യമില്ല. ലോൺ അടക്കം വാഹനത്തിന്റെ രജിസ്ട്രേഷൻ അടക്കമുള്ള എല്ലാ കാര്യങ്ങളും ഓൺലൈൻ ആയി ചെയ്യാൻ സാധിക്കും. ഇതിന് ഉപഭോക്താവിനെ സഹായിക്കുന്നതിനു വേണ്ടി പ്രത്യേകം ഒരു ഡിപാർട്ട്മെന്റ് തന്നെ ഓല തുടങ്ങും. വാഹനം വാങ്ങുന്നതടക്കമുള്ള എല്ലാ കാര്യങ്ങളിലും ഈ ടീം ഉപഭോക്താവിനെ സഹായിക്കും. എന്നാൽ വാഹനത്തിന്റെ സർവീസ്, സ്പെയർപാർട്സ് മുതലായ കാര്യങ്ങൾ ഓൺലൈൻ ആയി നടത്തുന്നത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് ഉറപ്പില്ല.

നേരത്തേ 499 രൂപക്ക്​ വാഹനം ബുക്ക്​ ചെയ്യാനുള്ള അവസരവും ഓല നൽകിയിരുന്നു. ബുക്കിംഗ്​ തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ഇലക്ട്രിക്ക് സ്കൂട്ടർ വിറ്റഴിച്ചുവെന്ന് ഓല അവകാശപ്പെട്ടു. ഗ്ലോസി, മാറ്റ് ഫിനിഷിൽ ചുവപ്പ്, പിങ്ക്, മഞ്ഞ, സിൽവർ, വെളുപ്പ്, കറുപ്പ് തുടങ്ങി പത്തോളം വിവിധ നിറങ്ങളിൽ ഓല സ്കൂട്ടറുകൾ വിപണിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.