കാബൂൾ: താലിബാൻ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ സഹായിക്കാൻ അമേരിക്കൻ പോർവിമാനങ്ങൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അഫ്ഗാനിസ്ഥാൻ സേനയെ സഹായിക്കുന്നതിനു വേണ്ടി താലിബാൻ മേഖലകളിൽ അമേരിക്കൻ പോർവിമാനങ്ങൾ ആക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം തിരിച്ചു പിടിച്ചെന്നും ഏകദേശം 400നു മേലെ പ്രവിശ്യകളിൽ താലിബാൻ തീവ്രവാദികൾക്ക് മേൽക്കൈയുണ്ടെന്ന് അമേരിക്കയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിറകേയാണ് താലിബാനെ തങ്ങൾ ആക്രമിച്ചുവെന്ന പെന്റഗണിന്റെ സ്ഥിരീകരണം വരുന്നത്.
അമേരിക്ക നടത്തിയ ആക്രമണങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി തയ്യാറായില്ല. അഫ്ഗാൻ വ്യോമസേനയെ സഹായിക്കുന്നതിനു വേണ്ടി കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അമേരിക്കയുടെ വ്യോമസേന താലിബാൻ മേഖലകളിൽ ആക്രമണം നടത്തിയെന്നും ഇനിയും ഇത് തുടരുമെന്നും കിർബി പറഞ്ഞു. ഒരു ഉന്നത സൈനികോദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ അനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അമേരിക്ക ഏഴോളം ആക്രമണങ്ങൾ താലിബാൻ മേഖലയിൽ നടത്തിയിട്ടുണ്ട്. ഇതിൽ കൂടുതലും ഡ്രോണുകൾ ഉപയോഗിച്ചുള്ളവയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മുന്നേറ്റമാണ് താലിബാൻ അഫ്ഗാൻ സേനക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്ക് പാക്കിസ്ഥാന്റെ സഹായവും ലഭിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.