man

ജക്കാ‌ർത്ത: കൊവിഡ് രോഗിയായതിനാൽ യാത്ര നടത്താൻ കഴിയാത്ത പ്രശ്‌നത്തെ മറികടക്കാൻ ഒരു വിരുതൻ കാണിച്ച ബുദ്ധി ഇപ്പോൾ വലിയ വാർത്തയായിരിക്കുകയാണ്. ഭാര്യയുടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡുമായി ശരീരമാകെ മൂടുന്ന വസ്‌ത്രം ധരിച്ച് ഇയാൾ വിമാനയാത്ര തരപ്പെടുത്തി. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും ടെർനേറ്റിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവമുണ്ടായത്.

വിമാനം പറന്നുയർന്നതോടെ പ്രശ്‌നം തീർന്നെന്ന് കരുതിയ ഇയാൾ വിമാനത്തിലെ ശൗചാലയത്തിൽ കയറി വസ്‌ത്രം മാറി. ഇത് കണ്ട ഫ്ളൈ‌റ്റ് അറ്റന്റ‌ന്റ് വിവരം ടെർനേറ്റിലെ വിമാനത്താവളത്തിൽ അറിയിച്ചു. വിമാനം ലാന്റ് ചെയ്‌ത ഉടൻ ഇയാളെ അറസ്‌റ്റ് ചെയ്‌തു. ശേഷം വിമാനത്താവളത്തിൽ നടത്തിയ കൊവി‌ഡ് പരിശോധനയിലും ഇയാൾ പോസിറ്റീവായി. ഇയാളെ ഐസൊലേഷനിലാക്കി.

രോഗം ഭേദമായി വന്നാലുടൻ ഇയാളെ അറസ്‌റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കൊവി‌ഡ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ കർശനമായി നിരീക്ഷിക്കുന്നുണ്ട്. നിലവിൽ കൊവി‌ഡ് രാജ്യത്ത് ശക്തമായ തരംഗം സൃഷ്‌ടിക്കുമ്പോഴാണ് ഇത്തരത്തിൽ പ്രശ്‌നമുണ്ടായിരിക്കുന്നത്. 50,000ഓളം പ്രതിദിന കേസുകളാണ് രാജ്യത്ത് പ്രതിദിനം റെക്കാഡ് ചെയ്യപ്പെടുന്നത്.