തിരുവനന്തപുരം: ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും
ദേശീയപാതയായ കഴക്കൂട്ടം - കോവളം ബൈപ്പാസിൽ ഇപ്പോഴും തെരുവ് വിളക്കുകൾ സ്ഥാപിക്കാനായില്ല. ഇതുവഴിയുള്ള രാത്രി യാത്ര ഇരുചക്ര വാഹനങ്ങൾ അടക്കമുള്ളവർക്ക് കടുത്ത ഭീതിയാണ് സൃഷ്ടിക്കുന്നത്. ഏത് സമയത്തും അപകടം ഉണ്ടാകുന്ന മേഖലയിലാണിത്. തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ദേശീയപാത അതോറിട്ടിയുടെ എതിർപ്പില്ലാ രേഖ (നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്) ആവശ്യമാണ്. ഇത് നൽകാൻ ദേശീയപാത അതോറിട്ടി തയ്യാറാണ്. എന്നാൽ, കോർപ്പറേഷൻ ഇതിനുള്ള നടപടികൾ കൈക്കൊള്ളുന്നില്ലെന്നതാണ് ആക്ഷേപം.
പ്രധാന ജംഗ്ഷനുകളിൽ ലൈറ്റുകൾ സ്വന്തം ചെലവിൽ ദേശീയപാത അതോറിട്ടി തന്നെയാണ് വിളക്കുകൾ സ്ഥാപിക്കുന്നത്. എന്നാൽ, ഇതിനാവശ്യമായ ഫണ്ട് നൽകേണ്ടത് കോർപ്പറേഷനാണ്.
കാലങ്ങളായുള്ള ആവശ്യം
ദേശീയപാതയ്‌ക്ക് ഇരുവശവും തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നത് ടെക്നോപാർക്കിന് സമീപത്ത് താമസിക്കുന്നവരുടെ കാലങ്ങളായുള്ള ആവശ്യമാണ്. കൊവിഡിനെ തുടർന്ന് ടെക്നോപാർക്കിലെ ജീവനക്കാരിൽ ഭൂരിഭാഗം പേരും വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത് എന്നതിനാൽ തന്നെ, രാത്രി കാലങ്ങളിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ദേശീയപാത വഴിയുള്ള യാത്ര കടുപ്പമാണെന്ന് പരാതിപ്പെടുന്നുണ്ട്. ടെക്കികളിൽ കൂടുതൽ പേരും കഴക്കൂട്ടത്തും വെൺപാലവട്ടത്തുമായി അപ്പാർട്ട്‌മെന്റുകളിലും വീടുകളിലുമാണ് താമസിക്കുന്നത്. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷന് ടെക്കികൾ നിവേദനം നൽകിയെങ്കിലും ഒന്നും നടന്നില്ല. ദേശീയപാതയിലെ കുളത്തൂർ, തമ്പുരാൻമുക്ക്, ആക്കുളം, വെൺപാലവട്ടം എന്നിവിടമെല്ലാം ഇരുചക്ര വാഹന യാത്രക്കാർക്ക് പേടിസ്വപ്‌നങ്ങളാണ്. 2020 ഡിസംബറിനകം സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് മേയറായിരിക്കെ കെ. ശ്രീകുമാർ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ, ഇതുവരെയും അത് യാഥാർത്ഥ്യമായില്ല.
ലൈറ്റുകൾ സ്ഥാപിക്കേണ്ടത് കോർപ്പറേഷൻ
സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് ദേശീയപാത അതോറിട്ടി വ്യക്തമാക്കിയെങ്കിലും ജംഗ്ഷനുകൾ, ഫ്ളൈ ഓവറുകൾ, ടോൾ പ്ളാസകൾക്ക് സമീപം എന്നിവിടങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കാൻ ദേശീയപാത അതോറിട്ട് കഴിയും. എന്നാൽ, റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നത് അതത് കോർപ്പറേഷനുകളുടെ ചുമതലയാണ്. എങ്കിലും കോവളം - കാരോട് ബൈപ്പാസിൽ കാഞ്ഞിരംകുളം ജംഗ്ഷനിലും മറ്റ് ചെറിയ ജംഗ്ഷനുകളിലും ദേശീയപാത അതോറിട്ടി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
ദേശീയപാത നിർമ്മാണം
അവസാന ഘട്ടത്തിൽ
മുക്കോല മുതൽ കാരോട് വരെയുള്ള നാലുവരിപ്പാതയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ഡിസംബർ 31ന് പണി പൂർത്തിയാകുമെന്നാണ് മന്ത്രാലയത്തിന്റെ ഉറപ്പ്. കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ ഒക്ടോബർ നാലിന് പൂർത്തിയാകുന്ന തരത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. അതേസമയം, പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാകുന്ന കാര്യം സംശയത്തിലാണെന്നതാണ് വസ്തുത. കൊവിഡ് അടക്കം പലതരത്തിലുള്ള പ്രശ്നങ്ങളുള്ളതിനാലാണിത്. മുക്കോല - കാരോട് സ്ട്രെച്ചിൽ അസംസ്‌കൃത സാമഗ്രികളുടെ കുറവാണ് ജോലി തടസപ്പെടുത്തിയിരിക്കുന്നത്. 2017 ജൂലായിൽ ആരംഭിച്ച പണി നാല് വർഷം പിന്നിടുമ്പോൾ 93 ശതമാനം പൂർത്തിയായിട്ടുണ്ട്. കോട്ടുകാൽ, തിരുപുരം, കാഞ്ഞിരംകുളം ഭാഗങ്ങളിലാണ് ഇനി പണി പൂർത്തിയാകനുള്ളത്. ആഗസ്‌റ്റ് ഒന്നു മുതൽ കഴക്കൂട്ടം - കോവളം പാതയുടെ ഭാഗമായുള്ള ടോൾ പ്ളാസ പ്രവർത്തനം തുടങ്ങും. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തിന് തടസമായി നിൽക്കുന്നത് വിദഗ്ദ്ധരായ തൊഴിലാളികളുടെ അഭാവമാണ്.