sivakumar

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ മത്സരിച്ച് തോറ്റ കോൺഗ്രസ് സ്ഥാനാർത്ഥികൾ നേതാക്കൾക്കും മുൻ എം എൽ എമാർക്കും എതിരെ കൂട്ട പരാതിയുമായി രംഗത്ത്. കെ പി സി സി നിയോ​ഗിച്ച കെ എ ചന്ദ്രൻ കമ്മിഷന് മുന്നിലാണ് സ്ഥാനാർത്ഥികൾ തങ്ങളുടെ പരാതി അറിയിച്ചത്.

തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് ശിവകുമാർ, വർക്കലയിലെ ബി ആർ എം ഷഫീർ, നെടുമങ്ങാട്ടെ പി എസ് പ്രശാന്ത്,കാട്ടാക്കട സ്ഥാനാർത്ഥിയായിരുന്ന മലയിൻകീഴ് വേണു​ഗോപാൽ, പാറശാലയിലെ അൻസജിത റസൽ എന്നിവരാണ് കമ്മിഷന് മുന്നിൽ പരാതി നൽകിയത്. പാർട്ടിക്ക് വലിയതോതിൽ നാണക്കേടുണ്ടാക്കിയ ‌വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയുടെ പരാജയം കെ പി സി സി ഉപസമിതി അന്വേഷിച്ച് വരികയാണ്

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ പരാജയത്തിന് കാരണക്കാരൻ കെ പി സി സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷാണെന്നാണ് വി എസ് ശിവകുമാറിന്‍റെ പരാതി. മുൻ എം എൽ എമാരും മുതിർന്ന കോൺ​ഗ്രസ് നേതാക്കളുമായ വർക്കല കഹാർ, പാലോട് രവി, എൻ ശക്ത‌ൻ, എ ടി ജോർജ് എന്നിവർക്കെതിരെയാണ് മറ്റുളളവർ പരാതികൾ ഉന്നയിച്ചിരിക്കുന്നത്.