ksrtc

തൃശൂർ: ലീവ് നൽകാത്ത മേലുദ്യോഗസ്ഥനെ മർദ്ദിക്കാനോങ്ങി വനിതാ ജീവനക്കാരി. കൃത്യമായി ഒഴിഞ്ഞുമാറി ഉദ്യോഗസ്ഥൻ. തുടർന്ന് വനിതാ ജീവനക്കാരി കമിഴ്‌ന്നു വീണു. തൃശൂരാണ് സംഭവം. കെഎസ്‌ആർ‌ടിസി ബസ് സ്‌റ്റാന്റിൽ ജനം കാൺകെയായിരുന്നു ജീവനക്കാരുടെ ഈ മോശമായ പെരുമാറ്റം. കോർപ്പറേഷന് അവമതിപ്പുണ്ടാക്കിയ സംഭവത്തിൽ ഒടുവിൽ ഇരുവർക്കുമെതിരെ നടപടി.

2021 മേയ് 7നായിരുന്നു സംഭവം. തൃശൂർ യൂണിറ്റിൽ കൺട്രോളിംഗ് ഇൻസ്‌പെക്‌ടറായ കെ.എ നാരായണനുമായി വനിതാ കണ്ടക്ടർ എം.വി ഷൈജ ലീവ് വിഷയത്തിൽ തർക്കിച്ചു. ഒടുവിൽ നാരായണന്റെ പുറത്ത് അടിക്കാൻ ഷൈജ ശ്രമിച്ചു. ഇൻസ്‌പെക്‌ടർ ഒഴിഞ്ഞുമാറിയതോടെ ഷൈജ അവിടെ കമിഴ്‌ന്നു വീണു. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ച് കോർപറേഷന് അവമതിപ്പുണ്ടാക്കിയതിന് കൺട്രോളിംഗ് ഇൻസ്‌പെക്‌ടറായ കെ.എ നാരായണനെ കണ്ണൂരേക്കും ഷൈജയെ പൊന്നാനിയിലേക്കും സ്ഥലംമാറ്റിയതായി കെഎസ്‌ആർടിസി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ (അഡ്മിനിസ്‌ട്രേഷൻ) ഉത്തരവിറക്കി.