opening-ceremony

ടോക്കിയോ: കൊവിഡ് പ്രതിസന്ധികൾക്കിടയിലും ടോക്കിയോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 4.30ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോ‌ടുകൂടി തുടങ്ങുന്ന ഉദ്ഘാടനചടങ്ങിൽ ലേസർ ഷോ, സംഗീത നിശ, പരമ്പരാഗത നൃത്തം എന്നീ കലാരൂപങ്ങൾ മാറ്റുകൂട്ടും. ഓഗസ്റ്റ് 8നാണ് ഒളിമ്പിക്സ് സമാപിക്കുക.

ശക്തമായ 228 അംഗ സംഘമാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിന് പങ്കെടുക്കുന്നത്. ഇതിൽ 119 പേർ അത്‌ലറ്റുകളാണ്. എന്നാൽ 48 പേർ മാത്രമാകും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച മാർച്ച് പാസ്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. വനിതാ ബോക്സർ മേരി കോമും ഇന്ത്യൻ ഹോക്കി ടീം ക്യാപ്ടൻ മൻപ്രീത് സിംഗുമായിരിക്കും ഇന്ത്യയുടെ പതാക വഹിക്കുക.

Ready to roar!!!

Presenting #TeamIndia flag bearers of the Opening Ceremony at #Tokyo2020! #WeAreTeamIndia#Cheer4India @MangteC @manpreetpawar07 @IndianOlympians @BFI_official @TheHockeyIndia pic.twitter.com/6o3MgahU5m

— Team India (@WeAreTeamIndia) July 23, 2021

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നേരത്തെ നൽകിയിരുന്ന താരങ്ങളുടെ ലിസ്റ്റിൽ 50 പേരുണ്ടായിരുന്നുവെങ്കിലും ടേബിൾ ടെന്നിസ് താരങ്ങളായ മനിക ബത്രയും അജന്ത ശരത്കമാലും മാർച്ച് പാസ്റ്റിൽ പങ്കെടുക്കില്ലെന്ന് അധികൃതർ പറഞ്ഞു. ഇരുവർക്കും നാളെ മിക്സഡ് ഡബിൾസിൽ ആദ്യ റൗണ്ട് മത്സരം ഉണ്ടെന്നതിനാലാണ് ഇരുവരും മാർച്ച് പാസ്റ്റിൽ നിന്ന് ഒഴിവായത്.

ഇന്ന് നടന്ന അമ്പെയ്ത്ത് വ്യക്തിഗത റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തി. മെഡൽ പ്രതീക്ഷയായ വനിതാ താരം ദീപികാ കുമാരി ഒൻപതാം സ്ഥാനത്തും പുരുഷവിഭാഗത്തിൽ പ്രവീൺ യാദവ് 31ഉം അതാണു ദാസ് 35ഉം തരുൺദീപ് റായ് 35ഉം സ്ഥാനങ്ങളിൽ മത്സരം പൂർത്തിയാക്കി.