karkidaka-vavu

തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് കർക്കടകവാവിന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം ഉണ്ടാകില്ല. ഇന്ന് ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.

അതേസമയം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ പത്ത് കോടി രൂപ അനുവദിച്ച് ഉത്തരവായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ എന്‍ വാസു അറിയിച്ചു. സാമ്പത്തിക സഹായം അനുവദിച്ച് നല്‍കിയ സംസ്ഥാന സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങൾ തുറക്കാനാകാത്തതിനാൽ 2020 മാർച്ച് മുതൽ ബോർഡിന് 650 കോടിയോളം രൂപയാണ് വരുമാന നഷ്​ടം. കൂടുതൽ ഫണ്ട് ലഭിച്ചില്ലെങ്കിൽ ശമ്പളവും പെൻഷനും മുടങ്ങാനും സാദ്ധ്യതയുണ്ടെന്ന് ബോർഡ് അധികൃതർ നേരത്തെ സൂചിപ്പിച്ചിരുന്നു​. ബോർഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങളിൽ 5500 ഓളം ജീവനക്കാരുണ്ട്. പ്രധാന വരുമാനസ്രോതസായ ശബരിമലയിലെ വരുമാനം മുടങ്ങിയതാണ് ബോ‌‌ർഡിന് തിരിച്ചടിയായത്.