ggg

തായ്പേയ്: ചൈനയുടെ കടുത്ത വെല്ലുവിളി അവഗണിച്ച് യൂറോപ്പിൽ തങ്ങളുടെ ആദ്യ നയതന്ത്ര കാര്യാലയം തുറക്കാനൊരുങ്ങി തായ്‌വാൻ. ലിത്വാനിയയിലാണ് തായ്‌വാൻ പ്രതിനിധിയെ നിയമിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളുമായി വ്യാപാര, വാണിജ്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ മുന്നോടിയായാണ് പുതിയ തീരുമാനം. ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും മൂല്യം കൽപ്പിക്കുന്ന രാജ്യമെന്ന നിലയിൽ ലിത്വാനിയയെ ഏറെ ബഹുമാനിക്കുന്നതായി തായ്‌വാൻ വിദേശകാര്യമന്ത്രി ജോസഫ് വൂ പറഞ്ഞു.

എന്നാൽ തായ്‌വാന്റെ ഈ നടപടിയെ ശക്തമായി വിമർശിച്ച് ചൈന രംഗത്തെത്തി.

ആഗോളതലത്തിൽ തായ്‌വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. മറ്റ് രാജ്യങ്ങൾ സ്വതന്ത്രരാജ്യമെന്ന നിലയിൽ തായ്‌വാനെ പരിഗണിക്കരുതെന്നും ചൈന ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഇതിനിടയിലാണ് തായ്‌വാൻ വിദേശരാജ്യങ്ങളുമായി സഹകരണം ശക്തമാക്കുന്നത്. റഷ്യയുടെ അതിർത്തിപങ്കിടുന്ന രാജ്യമാണ് ലിത്വാനിയ. ലിത്വാനിയ കഴിഞ്ഞ മാർച്ച് മാസത്തിൽ തായ്വാനിൽ നയതന്ത്ര കാര്യാലയം തുറന്നിരുന്നു.