kodakara

തൃശൂർ: ഏറെ വിവാദമായ കൊടകര കുഴൽപണ കവർച്ചാ കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. ഇരിങ്ങാലക്കുട കോടതിയിലാണ് സംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 22 പേ‌ർ പ്രതിസ്ഥാനത്തും 216 സാക്ഷികളുമുണ്ട്. സംഘം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയവരെല്ലാം സാക്ഷി പട്ടികയിൽ ഇടം നേടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകനും സാക്ഷി പട്ടികയിലുണ്ട്. 625 പേജുള‌ള കുറ്റപത്രമാണ് കോടതിയിൽ സമ‌ർപ്പിച്ചത്.

കവർച്ച നടന്നതായി അന്വേഷണസംഘം കണ്ടെത്തിയ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കുറ്റപത്രത്തിലുള‌ളത്. ഇതിൽ 1.45 കോടി രൂപ കണ്ടെത്തി. ബാക്കി പണത്തിനായും പിടികിട്ടാത്ത പ്രതികൾക്കായും അന്വേഷണം തുടരുമെന്ന് കുറ്റപത്രത്തിലുണ്ട്.

കേസിൽ പ്രതികളുട ജാമ്യഹർജി കോടതിയിലെത്തിയപ്പോൾ സംഭവം ആകസ്‌മികമായി നടന്നതല്ലെന്നും വ്യക്തമായ ആസൂത്രണം ഇതിനുപിന്നിലുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കേസിൽ പുറത്തുകൊണ്ടുവരാനുള‌ള കാര്യങ്ങളെക്കുറിച്ചും കോടതി പറഞ്ഞിരുന്നു. പണം എത്തിച്ചത് എന്തിനെന്നും ഇതിന്റെ ഉറവിടം എവിടെയെ്നും അന്വേഷിക്കാൻ അന്വേഷണസംഘത്തോട് ഹൈക്കോടതി നി‌ർദ്ദേശിച്ചിരുന്നു.