india-cricket

കൊളംബോ : ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നൽകിയത് അഞ്ചുപേർക്ക്. മലയാളി താരം സഞ്ജു സാംസൺ, നിതീഷ് റാണ, ചേതൻ സാകരിയ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ എന്നിവരാണ് ഇന്നലെ കൊളംബോയിൽ അരങ്ങേറ്റം കുറിച്ചത്.

ചരിത്രത്തിൽ ഇതു രണ്ടാം തവണ മാത്രമാണ് ഇന്ത്യ ഇത്രയധികം പുതുമുഖങ്ങൾക്ക് ഒന്നിച്ച് ഏകദിന അരങ്ങേറ്റ അവസരം നൽകുന്നത്. ഇതിനു മുൻപ് 1980ൽ മെൽബണിൽ ആസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ദിലീപ് ദോഷി, കീർത്തി ആസാദ്, റോജർ ബിന്നി, സന്ദീപ് പാട്ടീൽ, തിരുമലൈ ശ്രീനിവാസൻ എന്നിവർക്ക് ഒന്നിച്ച് അരങ്ങേറ്റത്തിന് അവസരം നൽകിയിരുന്നു.

ആദ്യ മത്സരത്തിൽ അരങ്ങേറിയ ഇഷൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ കൂടി ചേരുമ്പോൾ ഈ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ താരങ്ങളുടെ എണ്ണം ഏഴായി.അതേസമയം മലയാളി യുവതാരം ദേവ്ദത്ത് പടിക്കലിന് അവസരം ലഭിക്കാതിരുന്നത് നിരാശയായി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു.

അന്താരാഷ്ട്ര ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ച് 2196 ദിവസങ്ങൾക്കുശേഷമാണ് സഞ്ജുവിന് ഏകദിന അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. ട്വന്റി20 – ഏകദിന അരങ്ങേറ്റങ്ങൾക്കിടയിൽ ഇത്രയും സുദീർഘമായ ഇടവേള വന്ന മറ്റൊരു താരവുമില്ല. 2011ൽ ട്വന്റി20 അരങ്ങേറ്റവും 2016ൽ ഏകദിന അരങ്ങേറ്റവും കുറിച്ച വെസ്റ്റിൻഡീസ് താരം ആഷ്‌ലി നഴ്സിന്റെ പേരിലുണ്ടായിരുന്ന 2036 ദിവസത്തെ ഇടവേളയുടെ റെക്കോർഡാണ് സഞ്ജുവിന്റെ പേരിലായത്.

ശിഖർ ധവാൻ നയിക്കുന്ന ടീം ആദ്യ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഏഴു വിക്കറ്റിന്റെ അനായാസ വിജയം നേടിയിരുന്നു. രണ്ടാം മത്സരത്തിൽ തോൽവിയുടെ വക്കിലായിരുന്നെങ്കിലും ദീപക് ചാഹറിന്റെ അവിശ്വസനീയ ബാറ്റിംഗ് പ്രകടനം ടീമിന് അപ്രതീക്ഷിത വിജയവും പരമ്പരയും സമ്മാനിച്ചു. ഈ മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.