life-

തിരുവനന്തപുരം: കൊവിഡിനെതിരായ വാക്‌സിൻ സംസ്ഥാനത്ത് നിർമ്മിക്കാനുള്ള നടപടികളുടെ ഭാഗമായി നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാർശകൾ സർക്കാർ വേഗത്തിൽ നടപ്പാക്കും. കൊവിഡിന്റെ രണ്ടാം തരംഗം ഒരിടവേളയ്‌ക്ക് ശേഷം ശക്തമായതും മൂന്നാം തരംഗം അടുത്ത മാസത്തോടെ ഉണ്ടാകാമെന്ന റിപ്പോർട്ടുകളെയും തുടർന്നാണിത്. ഡോ.എസ്.ചിത്രയെ പ്രോജക്ട് ഡയറക്ടറായുള്ള സർക്കാർ നിയോഗിച്ച സമിതിയാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.

 മൂന്ന് ഘട്ടമായി

തിരുവനന്തപുരം തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് സംസ്ഥാന വാക്‌സിൻ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. മൂന്ന് ഘട്ടമായി യൂണിറ്റ് പൂർത്തിയാക്കാനാണ് ധാരണയായിരിക്കുന്നത്. ആദ്യഘട്ടത്തിൽ പുതിയ വാക്‌‌സിനുകൾ നിർമ്മിക്കുന്നതിന് പൂർണ സൗകര്യങ്ങളുള്ള യൂണിറ്റായിരിക്കും നിർമ്മിക്കുക. ഈ ഘട്ടത്തിന്റെ ഭാഗമായി 85,​000 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലസൗകര്യങ്ങളാണ് വേണ്ടത്. ലൈഫ് സയൻസ് പാർക്കിൽ ഇതിനുള്ള സൗകര്യങ്ങളുണ്ട്. അതിനാൽ തന്നെ ഇത് കരാറടിസ്ഥാനത്തിൽ ഉപയോഗിക്കാമെന്നാണ് സമിതിയുടെ നിർദ്ദേശം. രണ്ടാം ഘട്ടത്തിൽ വാക്‌സിൻ ഗവേഷണവും വികസനവുമാണ് ലക്ഷ്യമിടുന്നത്. മൂന്നാം ഘട്ടത്തിൽ അഡ്വാൻസ്‌ഡ് വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടുമായി ചേർന്ന് വികസന യൂണിറ്റ് ആയിരിക്കും സ്ഥാപിക്കുക. വാക്‌സിൻ യൂണിറ്റിന്റെ നിർമ്മാണത്തിനായി താൽപര്യ പത്രം ക്ഷണിക്കാൻ വിദഗ്ദ്ധ സമിതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനോടകം സമിതി വിവിധ കമ്പനികളുമായി ചർച്ച നടത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാണ് താത്പര്യപത്രം തയ്യാറാക്കിയത്.

നിലവിൽ രാജ്യത്ത്20 കമ്പനികളാണ് വാക്‌സിൻ ഉത്പാദനം നടത്തുന്നത്. ഇവരിൽ പത്ത് കമ്പനികൾ സംസ്ഥാന സർക്കാരുമായി വാക്‌സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. സാധാരണ നിലയിൽ ലാഭം കുറഞ്ഞ മേഖല ആയതിനാൽ തന്നെ സർക്കാരിൽ നിന്ന് പരമാവധി സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് കമ്പനികൾ ചർച്ചയിൽ പങ്കുവച്ചത്. കമ്പനികളുടെ ഈ ആവശ്യത്തിനോട് സർക്കാരും അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാൽ കൊള്ള അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

താൽപര്യപത്രം ക്ഷണിച്ച ശേഷം സാങ്കേതിക പരിശോധന നടത്തണം. അതിനുശേഷം സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളുടെ പട്ടിക ഉണ്ടാക്കണം. ഗവേഷണ കേന്ദ്രത്തിൽ നിർമ്മാണ സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാകുന്ന കമ്പനികൾക്കായി പ്രത്യേകം താൽപര്യപത്രം ക്ഷണിക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. വാക്‌സിൻ ഉൽപാദത്തിനായി ലൈഫ് സയൻസ് പാർക്കിൽ കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ (കെഎസ്.ഐ.ഡി.സി)​ കൈവശമുള്ള 20 ഏക്കർ ഭൂമി കൂടി നൽകാനും സമിതി ശുപാർശ ചെയ്തു.

ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.പി.സുധീർ ചെയർമാനും സംസ്ഥാന കൊവിഡ് വിദഗ്ദ്ധ സമിതി ചെയർമാൻ ഡോ.ബി.ഇക്ബാൽ, ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയിലെ ഡോ. വിജയകുമാർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ ഡോ. രാജമാണിക്യം എന്നിവരടങ്ങുന്ന സമിതിയാണ് നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.

വാക്‌സിൻ ഉൽപാദന കേന്ദ്രങ്ങൾ നല്ലതാണ്. നടപടികളുമായി മുന്നോട്ട് പോകും - മുഖ്യമന്ത്രി പിണറായി വിജയൻ