തിരുവനന്തപുരം: നിയമസഭാ കെെയാങ്കളിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി. പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ പി.ടി. തോമസ്, അൻവർ സാദത്ത്, സി.ആർ. മഹേഷ് എന്നിവർ ഉന്നയിച്ച അഞ്ച് ചോദ്യങ്ങൾക്കും 'വിവരം ശേഖരിച്ചു വരുന്നു' എന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്. നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യം നമ്പർ, 133ന് 22 ജൂലായ് 2021ന് സഭയിൽ നൽകിയിരിക്കുന്ന മറുപടിയിലാണ് ഇത്തരമൊരു പ്രതികരണം ഉളളത്.
ചോദ്യങ്ങൾ
(എ) 2015 മാര്‍ച്ച് 13ന് നിയമസഭയില്‍ നടന്ന അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ നിലവിലെ മന്ത്രിയും രണ്ടു മുന്‍ മന്ത്രിമാരും രണ്ട് മുന്‍ സാമാജികരും വിചാരണ നേരിടണമെന്ന ഹെെക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശം തേടിയിരുന്നോ
(ബി) എങ്കില്‍ പ്രസ്തുത കേസില്‍ ലഭിച്ച നിയമോപദേശം എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ
(സി) പൊതുമുതലും സ്വകാര്യസ്വത്തും നശിപ്പിക്കുന്നത് തടയാന്‍ നിയമ നിര്‍മ്മാണം നടത്തിയ സഭയിലെ അംഗങ്ങള്‍ തന്നെ അത് ലംഘിക്കുന്നത് കുറ്റകരമാണെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ
(ഡി) നിയമസഭയില്‍ നടന്ന ഒരു ക്രിമിനല്‍ നടപടിയുടെ കേസ് എഴുതിത്തള്ളുന്നത് ഇത്തരം അക്രമസംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇടയാകുമെന്ന് വിലയിരുത്തുന്നുണ്ടോ
(ഇ) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നവരെ സംരക്ഷിക്കുന്നതിനായി രാജ്യത്തെ പ്രമുഖരായ അഭിഭാഷകരെ കോടികള്‍ മുടക്കി കോടതിയില്‍ ഹാജരാക്കുന്ന പ്രവണത സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമാണോയെന്ന് വ്യക്തമാക്കുമോ?
എം.എൽ.എമാർ നിയമസഭയ്ക്കുള്ളിൽ നടത്തിയ പരാക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വാക്കാലുളള നിരീക്ഷണം. ഇതിനിടയിലാണ് കെെയാങ്കളി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എം.എൽ.എമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് 'വിവരം ശേഖരിച്ചു വരുന്നു' എന്ന മറുപടി മുഖ്യമന്ത്രി സഭയിൽ നൽകിയിരിക്കുന്നത്.