bvbvb

പാരീസ് : ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് പ്രമുഖ ലോകനേതാക്കളുടെ ഫോണുകൾ ചോർത്തിയെന്ന വിവാദത്തിനിടെ ഫോണും ഫോൺ നമ്പരും മാറ്റി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പെഗസസ് ഉപയോഗിച്ച് മൊറോക്കോ രഹസ്യാന്വേഷണ വിഭാഗം മാക്രോണിന്റെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

'പ്രസിഡന്റിന് നിരവധി ഫോൺ നമ്പരുകളുണ്ട്. അത് മാറ്റിയതിനർത്ഥം ചാരവൃത്തിക്ക് ഇരയായെന്നല്ല, ഇതൊരു അധിക സുരക്ഷ മാത്രമാണെന്നും' അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിൽ മാക്രോൺ കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ യോഗം വിളിച്ചിരുന്നു. എന്നാൽ ഫ്രഞ്ച് പ്രസിഡന്റിന്റെ ഫോൺ ചോർത്തപ്പെട്ടിട്ടില്ലെന്ന് പെഗസസ് നിർമാതാക്കളായ എൻ.എസ്.ഒ കമ്പനി ആവർത്തിച്ചു. ഫോൺ ചോർത്തൽ വിവാദം അന്വേഷിക്കാൻ ഇസ്രയേൽ സർക്കാർ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

നിയമനടപടിക്കൊരുങ്ങി മൊറോക്കോ

മൊറോക്കോയുടെ രഹസ്യാന്വേഷണ വിഭാഗം ഫ്രഞ്ച് സർക്കാർ ഉന്നത ഉദ്യോഗസ്ഥരുടെയും മാദ്ധ്യമ പ്രവർത്തകരുടേയും ഫോൺ ചോർത്തിയെന്ന് ആരോപിച്ച ആംനെസ്റ്റി ഇന്റർനാഷണലിനെതിരെയും ഫ്രഞ്ച് സന്നദ്ധ സംഘടനയ്ക്കെതിരെയും നിയമ നടപടിക്കൊരുങ്ങി മൊറോക്കോ. മതിയായ തെളിവുകളില്ലാതെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച ഈ രണ്ട് സ്ഥാപനങ്ങളും തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനമെന്നും മൊറോക്കോ വ്യക്തമാക്കി.