manmohan-singh

ന്യൂഡൽഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുന്നോട്ടുളള വഴി വെല്ലുവിളി നിറഞ്ഞതാണ്, അതിനാൽ ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ അതിന്റെ മുൻ​ഗണനകൾ പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗ്. 1991ലെ ചരിത്രപരമായ ബഡ്ജറ്റിന്റെ 30 വർഷം പൂർത്തിയാകുന്നവേളയിലാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം പങ്കുവച്ചത്.1991ൽ നരസിംഹറാവു മന്ത്രിസഭയിൽ ധനമന്ത്രിയായിരിക്കെ മൻമോഹൻ അവതരിപ്പിച്ച തന്റെ ആദ്യ ബഡ്ജറ്റ് രാജ്യത്തെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ അടിത്തറയായാണ് കണക്കാക്കപ്പെടുന്നത്.

30 വർഷങ്ങൾക്ക് മുമ്പ് 1991ൽ കോൺ​ഗ്രസ് പാർട്ടി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയയിൽ സുപ്രധാന പരിഷ്കാരങ്ങൾ ആരംഭിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക നയത്തിന് പുതിയ പാത ഒരുക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ വിവിധ സർക്കാരുകൾ ഈ പാത പിന്തുടർന്നിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മൂന്ന് ട്രില്യൺ ഡോളറായി മാറി. ഇത് ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഒന്നാണെന്നും മൻമോഹൻ പറയുന്നു.

ഈ കാലയളവിൽ 30 കോടി ഇന്ത്യൻ പൗരൻമാർ ദാരിദ്ര്യത്തിൽ നിന്നും പുറത്തു വന്നു, കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എന്നതാണ് പ്രധാനപ്പെട്ട കാര്യം. പരിഷ്കരണ പ്രക്രിയകൾ മുന്നോട്ട് പോയതുകൊണ്ട് പല ലോകോത്തര കമ്പനികളും രാജ്യത്ത് വരുകയും ഇന്ത്യ പല മേഖലകളിലും ആ​ഗോള ശക്തിയായി ഉയർന്ന വരികയും ചെയ്തു.

1991ൽ സാമ്പത്തിക ഉദാരവൽക്കരണത്തിന് കാരണമായത് നമ്മുടെ രാജ്യത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയാണ്. പക്ഷേ അത് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ മാത്രം ഒതുങ്ങിയില്ല. ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ അഭിവൃദ്ധി പ്രാപിക്കാനുള്ള ആഗ്രഹം, സ്വന്തം കഴിവുകളിൽ ആത്മവിശ്വാസം, സമ്പദ്‌വ്യവസ്ഥയുടെമേലുള്ള സർക്കാർ നിയന്ത്രണം ഉപേക്ഷിക്കാനുള്ള ആത്മവിശ്വാസം എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ നിർമിതി നിലകൊളളുന്നു.

കോൺഗ്രസിലെ നിരവധി സഹപ്രവർത്തകർക്കൊപ്പം ഈ പരിഷ്കരണ പ്രക്രിയയിൽ ഒരു ഭാ​ഗമാകാൻ കഴിഞ്ഞതതിൽ ഞാൻ ഭാഗ്യവാനാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ നമ്മുടെ രാജ്യം വളരെയധികം സാമ്പത്തിക പുരോഗതി കൈവരിച്ചതിൽ ഇത് എനിക്ക് വലിയ സന്തോഷവും അഭിമാനവും നൽകുന്നു. എന്നാൽ കൊവിഡ് ഉണ്ടാക്കിയ നാശവും കോടിക്കണക്കിന് തൊഴിലവസരങ്ങളും നഷ്ടപ്പെട്ടതിൽ ഞാൻ അത്യധികം ദുഃഖിക്കുന്നതായും മൻമോഹൻ പ്രതികരിച്ചു.

നമ്മുടെ സാമ്പത്തിക പുരോഗതിയുടെ വേ​ഗതയുമായി താരത്യം ചെയ്യുമ്പോൾ ആരോ​ഗ്യ വിദ്യാഭ്യാസ മേഖല ഇപ്പോഴും പിന്നിലാണ്. വളരെയധികം ജീവിതങ്ങളും ഉപജീവന മാർ​ഗങ്ങളും നഷ്ടപ്പെട്ടു. അത് സംഭവിക്കാൻ പാടില്ലായിരുന്നു. ഇത് ആനന്ദിക്കാനും ഉല്ലസിക്കാനുമുളള സമയമല്ല, മറിച്ച് ആത്മപരിശോധനയ്ക്കും ചിന്തിക്കുന്നതിനുമുളള സമയമാണ്. 1991 ലെ പ്രതിസന്ധിയേക്കാൾ വെല്ലുവിളി നിറഞ്ഞതാണ് മുന്നോട്ടുള്ള വഴി. ഓരോ ഇന്ത്യക്കാരനും ആരോഗ്യകരവും മാന്യവുമായ ജീവിതം ഉറപ്പാക്കുന്നതിന് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ മുൻഗണനകൾ പുനർവിചിന്തനം നടത്തേണ്ടതുണ്ടെന്നും മൻമോഹൻ അഭിപ്രായപ്പെട്ടു.