കൊച്ചി: ഓഹരി വിപണിയിലെ കന്നി ദിവസം തന്നെ അവിസ്‌മരണീയമാക്കി പ്രമുഖ ഓൺലൈൻ ഭക്ഷണ ഡെലിവറി കമ്പനിയായ സൊമാറ്റോ. 9,375 കോടി രൂപ ലക്ഷ്യമിട്ട് സൊമാറ്റോയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) സമാപിച്ചത് ജൂലായ് 16നാണ്. ഓഹരിയൊന്നിന് 72-76 രൂപ നിരക്കിലായിരുന്നു വില്പന. ഓഹരി വിപണിയിൽ (ബി.എസ്.ഇ സെൻസെക്‌സ്) കന്നി വ്യാപാരം തുടങ്ങിയ ഇന്നലെ ഓഹരി വില കുതിച്ചുകയറിയത് 138.90 രൂപയിലേക്ക്. ഐ.പി.ഒയിലെ ഇഷ്യൂ വിലയേക്കാൾ 82 ശതമാനം അധികം.
115 രൂപയിലാണ് സൊമാറ്റോ ബി.എസ്.ഇയിൽ വ്യാപാരം ആരംഭിച്ചത്. വൈകാതെ വില അപ്പർ സർക്യൂട്ടായ 20 ശതമാനം പിന്നിടുകയായിരുന്നു. നിലവിൽ ഓഹരികളുള്ളത് 65.59 ശതമാനം നേട്ടവുമായി 125.85 രൂപയിലാണ്. എൻ.എസ്.ഇയിൽ 65.79 ശതമാനം ഉയർന്ന് 126 രൂപയിലും.
ലക്ഷംകോടി മൂല്യം: ഇന്നലെ വ്യാപാരത്തിനിടെ ഒരുവേള സൊമാറ്റോയുടെ ഓഹരിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) 1.08 ലക്ഷം കോടി രൂപവരെ ഉയർന്നു.
ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ., ശ്രീ സിമന്റ്‌സ് തുടങ്ങിയ കമ്പനികളേക്കാൾ ഉയർന്ന മൂല്യത്തിലേക്കാണ് ആദ്യനാളിൽ തന്നെ സൊമാറ്റോ കുതിച്ചത്.
വ്യാപാരാന്ത്യം ഓഹരിമൂല്യമുള്ളത് 98,731 കോടി രൂപയിൽ.