മൂന്നാർ: ഏഴരക്കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ തൂക്കമുള്ള ആംബർ ഗ്രിസുമായി (തിമിംഗിലഛർദ്ദി) അഞ്ച് പേർ മൂന്നാറിൽ പിടിയിലായി. തമിഴ്നാട് ദിണ്ഡുക്കൽ വത്തലഗുണ്ട് സ്വദേശികളായ മുരുകൻ, രവികുമാർ, തേനി പെരിയകുളം സ്വദേശി വേൽമുരുകൻ, സേതു, മൂന്നാർ സെവൻമല സ്വദേശിയായ മുനിയ സ്വാമി എന്നിവരാണ് പിടിയിലായത്.
വനം വകുപ്പ് വിജിലൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മൂന്നാർ ഫോറസ്റ്റ് റേഞ്ച് ഒാഫീസർ ഹരീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ രാവിലെഇവരെ പിടികൂടിയത്. പഴയ മൂന്നാറിലെ ഒരു ലോഡ്ജ് ഉടമയായ മുരുകന് വിൽക്കാനായാണ് ആംബർ ഗ്രിസ് കൊണ്ടുവന്നതെന്നാണ് വിവരം. ഇയാളെ പിടികൂടാനായിട്ടില്ല. കേരളത്തിൽ ഇത് രണ്ടാം തവണയാണ് ആംബർ ഗ്രിസ് പിടികൂടുന്നത്. തൃശൂർ ചേറ്റുവയിൽ 30 കോടി വില വരുന്ന 19 കിലോ ആംബർ ഗ്രിസുമായി മൂന്ന് പേർ ഈ മാസം ഒമ്പതിന് പിടിയിലായിരുന്നു.