blue-whale-

മൂന്നാർ: ഏഴര കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ തൂക്കമുള്ള ആംബർ ഗ്രിസുമായി (തിമിംഗല ഛർദി) അഞ്ച് പേർ മൂന്നാറിൽ പിടിയിലായി. തമിഴ്നാട് ദിണ്ഡുക്കൽ വത്തലഗുണ്ട് സ്വദേശികളായ മുരുകൻ, രവികുമാർ, തേനി പെരിയകുളം സ്വദേശി വേൽമുരുകൻ, സേതു, മൂന്നാർ സെവൻമല സ്വദേശിയായ മുനിയ സ്വാമി എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാവിലെയോടെ തമിഴ്നാട്ടിൽ നിന്ന് പഴയ മൂന്നാറിലെ ഒരു സ്വകാര്യ റിസോർട്ടിൽ വച്ചാണ് ഇവരെ ആംബർ ഗ്രിസുമായി വനപാലകർ പിടികൂടിയത്. വനം വകുപ്പ് വിജിലൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മൂന്നാർ ഫോറസ്റ്റ് റേഞ്ച് ആഫീസർ ഹരീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

പഴയ മൂന്നാറിലെ ഒരു ലോഡ്ജ് ഉടമയായ മുരുകന് വിൽക്കാനായാണ് ആംബർ ഗ്രിസ് പ്രതികൾ കൊണ്ടുവന്നതെന്നാണ് ലഭിച്ച വിവരം. ഇയാളെ പിടികൂടാനായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് റേഞ്ച് ആഫീസർ പറഞ്ഞു.

കേരളത്തിൽ ഇത് രണ്ടാം തവണയാണ് ആംബർ ഗ്രിസ് പിടികൂടുന്നത്. തൃശൂർ ചേറ്റുവയിൽ 30 കോടി വില വരുന്ന 19 കിലോ വരുന്ന ആംബർ ഗ്രിസുമായി മൂന്ന് പേർ ഈ മാസം ഒമ്പതിന് പിടിയിലായിരുന്നു. സുഗന്ധലേപന വിപണയിൽ വൻ വിലയുള്ള ആംബർ ഗ്രിസ് 1972ലെ വന്യജീവി നിയമ പ്രകാരം രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടതാണ്. സുഗന്ധലേപനത്തിനായി അറബിനാടുകളിൽ ആണ് ഇവ കൂടുതലും ഉപയോഗിക്കുന്നത്.