ആലുവ: റോഡിലെ കുഴിയിൽ ചാടി ഇരുചക്ര വാഹനം മറിഞ്ഞതിനെ തുടർന്ന് വീട്ടമ്മ റീത്തുമായെത്തി റോഡിൽ കുത്തിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ റെഡിമെയ്ഡ് ടാറുമായെത്തി പൊതുമരാമത്ത് കരാറുകാരൻ കുഴിയച്ചു.
ഇന്നലെ രാവിലെ ആലുവ കാരോത്തുകുഴി കവലയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഷേണായീസിന്റെ ഉടമ ശാസ്ത റോഡിൽ സുശീലയാണ് (50) വേറിട്ട സമരമാർഗം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി മടങ്ങുമ്പോൾ ആലുവ അദൈ്വതാശ്രമം റോഡിലെ കുഴിയിൽ ചാടി സുശീല സഞ്ചരിച്ച ഇരുചക്ര വാഹനം മറിഞ്ഞു. തെറിച്ചു വീണെങ്കിലും വാഹന തിരക്കില്ലാതിരുന്നതിനാൽ അപായമൊന്നും സംഭവിച്ചില്ല.
തുടർന്ന് നഗരസഭ പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് പ്രതിഷേധമറിയിക്കാൻ കുഴിയിൽ റീത്ത് സമർപ്പിച്ചത്. ശേഷം വാഹനത്തിന്റെ മുന്നിലും പിന്നിലും റീത്ത് കെട്ടി നഗരത്തിലൂടെ സഞ്ചരിച്ച് പ്രതിഷേധമറിയിച്ചു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അധികൃതരെത്തി കുഴി അടച്ചത്. അടുത്തിടെ റോഡിലെ കുഴികളെ കുറിച്ച് പൊതുജനത്തിന് നിർദ്ദേശം നൽകുന്നതിന് പൊതുമരാമത്ത് വകുപ്പ് ആപ്പ് ഇറക്കിയിരുന്നു.