stone-rain-

കട്ടപ്പന: മൊട്ടയടിച്ചപ്പോൾ കല്ലുമഴ പെയ്‌തെന്ന പഴഞ്ചൊല്ല് കേട്ടിട്ടുണ്ടെങ്കിലും വളകോട് പുളിങ്കട്ടയിലെ 2 കുടുംബങ്ങളുടെ സ്ഥിതി സമാനമാണ്. പാറവിളയിൽ സെൽവരാജ്, മരുമകൻ സരേഷ് എന്നിവരുടെ വീടുകളിലാണ് കല്ലുമഴ പ്രതിഭാസം. പുരയിടത്തിൽ നിന്ന് ചെറുകല്ലുകൾ ഉയർന്നുപൊങ്ങി വീടുകളുടെ മുകളിൽ പതിക്കുന്ന അത്ഭുതപ്രതിഭാസം തുടങ്ങിയിട്ട് ഒരുമാസത്തോളമായി. കഴിഞ്ഞ 2 മുതലാണ് ചെറിയ കല്ലുകൾ വീടുകളുടെ മുകളിലേക്ക് വീഴാൻ തുടങ്ങിയത്. ആദ്യദിവസങ്ങളിൽ രാത്രികാലങ്ങളിലായിരുന്നു കല്ലുവീഴ്ച. അടുത്ത ദിവസങ്ങളിലും ഇത് തുടർന്നതോടെ മറ്റാരെങ്കിലും കല്ലെറിയുന്നതാണെന്ന് കരുതി ഇവർ പൊലീസിൽ പരാതി നൽകി.

പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമീപ പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തി. ഇതിനുശേഷം വീട് പരിശോധിക്കുന്നതിനിടെ കല്ലുകൾ ഷീറ്റിന്റെ പുറത്ത് വീണത് പൊലീസുകാരെയും അത്ഭുതപ്പെടുത്തി. ഇപ്പോൾ രാപകൽ വ്യത്യാസമില്ലാതെ കല്ലുകൾ വീഴുന്നതിനാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് 2 കുടുംബങ്ങളും. മുൻ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ശക്തിയാണ് കല്ലുകൾ പതിക്കുന്നത്. ഇതോടെ 2 വീടുകളുടെയും ആസ്ബറ്റോസ് ഷീറ്റുകളും തകർന്നു. ഇരുകുടുംബങ്ങളിലുമായി 6 കുട്ടികളുമുണ്ട്.

കല്ലുമഴയെ ഭയന്ന് ഇവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായതോടെ ഇവരെ മാറ്റി പാർപ്പിച്ചു. വീടുകളുടെ സമീപം ഭൂമി ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. ഒരുവീടിന്റെ ചുവരുകളും വിണ്ടുകീറിയിട്ടുണ്ട്. കല്ലുമഴ കാണാൻ നിരവധി പേരാണ് സ്ഥലത്തെത്തുന്നത്. തിങ്കളാഴ്ച ഭൗമശാസ്ത്ര സംഘം സ്ഥലം സന്ദർശിക്കും.