karuvannur-bank-scam

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ ബിജു കരീമിന്റെ സാമ്പത്തിക വളർച്ച പെട്ടെന്നായിരുന്നെന്ന് നാട്ടുകാർ. വലിയ വീട് വച്ചതും സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയതും ബാങ്കിലെ തിരിമറി പണം കൊണ്ടാണെന്നാണ് നാട്ടുകാരുടെ ആരോപണം.

ചെറിയ, ചെറിയ ജോലികൾ ചെയ്തായിരുന്നു ഇയാൾ ഉപജീവനം നടത്തിയിരുന്നത്. സിപിഎമ്മിൽ അംഗമായതിന് ശേഷമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ മാനേജറായി ചുമതലയേൽക്കുന്നത്. ഇതിനുപിന്നാലെ വലിയ വീട് വച്ചു. ഭൂമികളും, വിലകൂടിയ വാഹനങ്ങളും വാങ്ങിക്കൂട്ടിയെന്ന് നാട്ടുകാർ പറയുന്നു.

വായ്പാ ചട്ടങ്ങളെല്ലാം മറികടന്ന് ബിജുവും കമ്മീഷന്‍ ഏജന്റ് ബിജോയിയും ചേര്‍ന്ന് 46 ലോണുകളില്‍ നിന്നായി 50 കോടിയിലധികം രൂപയുടെ തിരിമറി നടത്തിയതായി റിപ്പോ‌ർട്ടുകളുണ്ട്. പ്രതികളെല്ലാം ഒളിവിലാണ്.

ബിജുവിന്റെ കുടുംബം ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. കേസിൽ ഭരണസമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണമെന്നും, ഭർത്താവിനെ കുടുക്കിയതാണെന്നും പ്രതിയായ ബാങ്ക് അക്കൗണ്ടന്റ് ജിൽസിന്റെ ഭാര്യ പ്രതികരിച്ചു.