ശ്രീനഗർ : ജമ്മു കാശ്മീരിലെ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനായ ഷാഹിദ് ഇക്ബാൽ ചൗധരിയുടെ വസതി ഉൾപ്പടെ 22 ഇടങ്ങളിൽ സി ബി ഐയുടെ മിന്നൽ റെയിഡ്. ആയിരക്കണക്കിന് ആളുകൾക്ക് തോക്കുകൾക്കായി വ്യാജ ലൈസൻസ് നൽകി എന്ന കണ്ടെത്തലിനെ തുടർന്നാണ് സി ബി ഐ റെയിഡ് നടത്തുന്നത്. കതുവ, റിയാസി, രാജൂറിയ, ഉധംപൂർ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണറായി പ്രവർത്തിച്ചപ്പോഴാണ് ഷാഹിദ് ഇക്ബാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന് പുറമേ എട്ട് മുൻ ഡെപ്യൂട്ടി കമ്മീഷണർമാർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
2012 മുതൽ രണ്ട് ലക്ഷത്തോളം പേരാണ് ജമ്മുവിൽ നിയമവിരുദ്ധമായി തോക്ക് ലൈസൻസ് കരസ്ഥമാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ തോക്ക് ലൈസൻസ് അഴിമതിയാണിത്. ഇതേ കുറ്റത്തിന് കഴിഞ്ഞ വർഷം ഐ എ എസ് ഉദ്യോഗസ്ഥൻ രാജീവ് രഞ്ജൻ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
വർഷങ്ങളായി നടന്നു കൊണ്ടിരുന്ന വ്യാജ ലൈസൻസ് അഴിമതി 2017ലാണ് കണ്ടെത്തിയത്. രാജസ്ഥാനിലെ ആന്റി ടെറർ സ്‌ക്വാഡാണ് അഴിമതി ആദ്യമായി കണ്ടെത്തിയത്. ഐ എ എസ് ഉദ്യോഗസ്ഥൻ രാജീവ് രഞ്ജന്റെ സഹോദരനെയും തോക്ക് വ്യാപാരികളുടെ ഇടനിലക്കാരെയും പിടികൂടിയതോടെയാണ് വൻ റാക്കറ്റിലേക്കുള്ള ചുരുളഴിഞ്ഞത്. എന്നാൽ അന്നത്തെ ജമ്മു കാശ്മീർ സർക്കാർ വിജിലൻസ് അന്വേഷണത്തിന്റെ മറവിൽ പ്രതികളെ സംരക്ഷിക്കുകയായിരുന്നു. പിന്നീട് മുൻ ഗവർണർ എൻ എൻ വോഹ്രയാണ് കേസ് സി ബി ഐക്ക് കൈമാറാൻ തീരുമാനിച്ചത്.