നെടുമങ്ങാട് : കുഞ്ഞുനാൾ മുതൽ തകിൽ വായനയിൽ കമ്പം കയറിയ ഈ കൊച്ചു മിടുക്കനാണ് തന്റെ മുത്തശിയോടൊപ്പം ഇപ്പോൾ ഒട്ടുമിക്ക വിവാഹവേദികളെയും കൈയടക്കി കൊണ്ടിരിക്കുന്നത്.
നാദസ്വരത്തിൽ വിസ്മയം തീർക്കുന്ന മുത്തശിയോടൊപ്പം കഴിയുന്നത്ര വിവാഹ വേദികളിലും അമ്പലങ്ങളിലും തകിൽ വായിച്ചു കൂടെ കൂടുന്ന ആനന്ദ് നെടുമങ്ങാട് മുണ്ടേല സ്വദേശിയാണ്.
തകിലിൽ തന്റേതായ ശൈലിയിൽ സിനിമാ ഗാനങ്ങൾ ഉൾപ്പെടെ അനായാസം
കൈകാര്യം ചെയ്യുന്നതിൽ മിടുക്കു കാട്ടുന്ന ഈ കൊച്ചു കലാകാരന് പിന്തുണയുമായി കുടുംബവും നാട്ടുകാരും ഒപ്പം തന്നെയുണ്ട്. മുത്തശ്ശിയും കൊച്ചുമകനും തീർക്കുന്ന സംഗീത വിസ്മയം വിവാഹ വേദികളെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.
പഠനത്തോടൊപ്പം തകിൽ വായനയിൽ ആനന്ദം കണ്ടെത്തുന്ന ആനന്ദിന് തകിൽ രണ്ടാം വയസ് മുതൽ കളിക്കൂട്ടുകാരനായി. തകിൽ വായനയിൽ തൽപരനായ അച്ഛനാണ് വലിയ പ്രചോദനം. തന്റെ മുത്തശ്ശിയോടൊപ്പം സംഗീത വിസ്മയം തീർത്ത് ഉയരങ്ങൾ കീഴടക്കാനുള്ള യാത്രയിലാണ് ഈ ഏഴാം ക്ലാസുകാരൻ.