“അന്ത്യകാ
-ലോകവസാനത്തെപ്പറ്റിയുള്ള ബൈബിൾ സൂചനകളിലൊന്നാണിത്. ലോകം അന്ത്യനിമിഷങ്ങളോടുക്കുമ്പോൾ ഭൂകമ്പങ്ങളും മാരക പകർച്ചവ്യാധികളും ലക്ഷക്കണക്കിനാളുകളുടെ ജീവൻ കവരുമെന്ന് ക്രിസ്തു സൂചിപ്പിച്ചിരുന്നു. 2020 ജൂൺ 21ന് ലോകം അവസാനിക്കുമെന്നായിരുന്നു മായൻ കലണ്ടറിന്റെ പ്രവചനം. അത് പാടെ തെറ്റിയെന്ന് വിലയിരുത്തിയെങ്കിലും കൊവിഡ് മഹാമാരി ലക്ഷക്കണക്കിനാളുകളുടെ ലോകം എന്നന്നേക്കുമായി ഇല്ലാതാക്കി.
മഹാനായ ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ഐസക് ന്യൂട്ടനും ലോക നാശത്തെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്. 2060 ൽ ലോകം അവസാനിക്കുമെന്നും മറിച്ച് ലോകം അവശേഷിക്കുന്നുവെങ്കിൽ അത് നാശത്തിന്റെ വർഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പകർച്ചവ്യാധിയായ കൊവിഡ് മഹാമാരിയും ഇക്കഴിഞ്ഞയിടയ്ക്ക് ജർമ്മനിയിലും ഇന്ത്യയിലും ചൈനയിലും കാലിഫോർണിയയിലും ജപ്പാനിലുമൊക്കെ നിരവധി ജീവജാലങ്ങളുടെ ജീവനെടുത്ത കനത്തമഴയും കാട്ടുതീയും പ്രളയവുമൊക്കെ, ലോകാവസാനത്തെക്കുറിച്ചുള്ള സൂചനകളെ ശക്തിപ്പെടുത്തുന്നതാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
യൂറോപ്പിനെ വിറപ്പിച്ച പ്രളയം
ഏതാനും ദിവസം മുമ്പ് യൂറോപ്പിലാകെ നാശം വിതച്ച പ്രളയത്തിൽ ജർമ്മനിയിലും ബെൽജിയത്തിലുമായി 200 പേരോളം മരിച്ചെന്നാണ് റിപ്പോർട്ട്. ആഴ്ചകൾക്ക് മുമ്പ് വർദ്ധിച്ച അന്തരീക്ഷ താപനില ഈ രാജ്യങ്ങളിൽ നിരവധിപ്പേരെ അപകടത്തിലാക്കിയിരുന്നു. പൊടുന്നനെയാണ് ചൂടിന് പകരം കനത്ത മഴയും കാറ്റും അശനിപാതം പോലെയെത്തിയത്. ജൂലായ് 14നും 15 നും ഇടയിൽ ജർമ്മനിയിൽ പെയ്തത് 150 മില്ലിമീറ്റർ വരെ മഴയാണ്. രണ്ട് മാസത്തിനുള്ളിൽ പെയ്ത മഴയാണ് രണ്ട് ദിവസത്തിൽ ലഭിച്ചത്.
ഉയർന്ന പ്രദേശത്തെ തണുത്ത കാലാവസ്ഥ കാരണം വലിയ തോതിൽ മഴമേഘങ്ങളുടെ ബാനറുകൾ സൃഷ്ടിക്കപ്പെട്ടതാണ് കടുത്ത മഴയ്ക്ക് കാരണമായതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിശദീകരണം. മുമ്പും നിരവധി പ്രളയങ്ങളുണ്ടായെങ്കിലും ഇക്കഴിഞ്ഞ പ്രളയവും അതുണ്ടാക്കിയ നാശനഷ്ടങ്ങളും പ്രത്യേകം പരിശോധിക്കേണ്ടി വരുമെന്നാണ് ജർമ്മൻ ശാസ്ത്രജ്ഞൻ സ്കെ സ്ക്രോട്ടർ പറയുന്നത്.
ഇന്ത്യയിൽ ദുരന്തമായി മേഘവിസ്ഫോടനം, പ്രളയം
ഒറ്റ ദിവസം ഇടിമിന്നലേറ്റ് രാജസ്ഥാൻ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 76 പേർ മരിച്ചത് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
രാജസ്ഥാനിൽ കനത്ത മഴയെ വകവയ്ക്കാതെ സെൽഫിയെടുക്കാനായി ജയ്‌പുരിലെ അമേർ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയ 14 പേർ ദുരന്തത്തിനിരയായി.
ഇതിന് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിനെ തുടർന്ന് കുട്ടികളടക്കം നിരവധിപ്പേർ മരിച്ചിരുന്നു.
കഴിഞ്ഞയാഴ്ച ഹിമാചൽ പ്രദേശിലെ ധരംശാലയിലുണ്ടായ മേഘവിസ്‌ഫോടനം ഉത്തരാഖണ്ഡിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായി. മിന്നൽ പ്രളയം കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. വലിയ വാഹനങ്ങളടക്കം കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ ഒഴുകിപ്പോയി. നഗരത്തിലെ വ്യാപാരകേന്ദ്രങ്ങൾ തകർന്നു, വാഹനങ്ങളും മറ്റും പ്രളയത്തിൽ കാണാതായി.
നിരവധി മനുഷ്യർക്കും ജീവികൾക്കും ജീവൻ നഷ്ടമായി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രദേശത്ത് ഉണ്ടാകുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം (cloud brust). നിമിഷ നേരം കൊണ്ട് മേഘവിസ്‌ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാകും. കാറ്റും, ഇടിയും മിന്നലും കൂടിയാകുന്നതോടെ പ്രദേശം ദുരന്ത ഭൂമിയാകും.
ഇതെഴുതുമ്പോൾ മഹാരാഷ്ട്ര കഴിഞ്ഞ 40 വർഷത്തിനിടെ നേരിട്ട ഏറ്റവും വലിയ പ്രളയദുരന്തത്തിലൂടെയാണ് കടന്നു പോകുന്നത്. 24 മണിക്കൂറിനിടെ മഹാബലേശ്വറിൽ 480 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സമീപകാല ചരിത്രത്തിലെ ഏറ്റവും കൂടിയ കണക്കാണിതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. 1977 ജൂലായ് ഏഴിന് രേഖപ്പെടുത്തിയ 439.8 ആയിരുന്നു ഇതുവരെയും സംസ്ഥാനത്ത് ഏറ്റവും കൂടിയ മഴ.
കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് മുംബയിലും അയൽ ജില്ലകളിലുമായി 200 ഓളം പേർക്ക് ജീവൻ നഷ്ടമായതായാണ് വിവരം. നൂറോളം പേരെ കാണാതായി. ഒരുലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
മെട്രോപോളിറ്റൻ നഗരത്തിൽ ആൾനാശം കൂടുമെന്ന ആശങ്ക നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം തീരദേശമായ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലിൽ മാത്രം 36 പേർ മരിച്ചിരുന്നു. 50 ഓളം പേർക്കായി തിരച്ചിൽ തുടരുകയാണ്. 40ഓളം വീടുകളാണ് ഇവിടെ മണ്ണിനടിയിലായത്.
കൊങ്കൺ മേഖലയിലെ ഏഴു ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഗോണ്ടിയ, ചന്ദ്രപൂർ, താനെ, പാൽഗഡ്, രത്നഗിരി, സാംഗ്ലി എന്നിവയാണ് കൂടുതൽ നാശം റിപ്പോർട്ടു ചെയ്യപ്പെട്ട മറ്റു ജില്ലകൾ. കൊൽഹാപൂരിൽ മാത്രം 40,000 ലേറെ പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവിടെ എട്ട് നേപ്പാളി തൊഴിലാളികളുൾപ്പെടെ 11 പേരുമായി പോയ ബസ് മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയെങ്കിലും യാത്രക്കാരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. കൊങ്കണിൽ ട്രെയിൻ ഗതാഗതം മുടങ്ങിയതോടെ നിരവധി ട്രെയിനുകൾ റദ്ദാക്കി. ആറായിരം യാത്രക്കാർ വിവിധ ട്രെയിനുകളിലായി കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ.
ഏതാനും ദിവസം കൂടി കനത്ത മഴ തുടരുമെന്ന റിപ്പോർട്ടുകൾ അക്ഷരാർത്ഥത്തിൽ രാജ്യത്തെ വിഷമത്തിലാക്കിയിരിക്കുകയാണ്. കൊവിഡ് മഹാമാരി വിതച്ച നാശത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ പ്രളയ ദുരന്തം മഹാരാഷ്ട്രയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. കേന്ദ്രവും അയൽ സംസ്ഥാനങ്ങളും സഹായഹസ്തം നീട്ടുന്നതാണ് ഏക പ്രതീക്ഷ.