benz

സ്റ്റട്ട്ഗാർട്ട്: ആഡംബര വാഹന നിർമാണ രംഗത്തെ ഭീമന്മാരായ മെഴ്സിഡസ് ബെൻസ് അവരുടെ പെട്രോൾ ഡീസൽ മോഡലുകൾ പൂർണമായി നിർത്തുന്നു. ഈ വിഭാഗത്തിൽ ഇനി പുതിയ മോഡലുകളൊന്നും ഇറക്കേണ്ടെന്നാണ് കമ്പനി തീരുമാനം. അടുത്ത വർഷം മുതൽ പൂർണമായി ഇലക്ട്രോണിക് വാഹന നിർമാണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് കമ്പനി മറ്റ് വാഹന മോഡ‌ലുകളുടെ ഉത്പാദനം നിർത്തുന്നത്.

മെഴ്സിഡസ് ബെൻസിന്റെ നിലവിലുള്ള എല്ലാ മോഡലുകൾക്കും പകരമായി ഓരോ പുതിയ ഇലക്ട്രിക്ക് വാഹനം ഇറക്കാനാണ് ശ്രമമെന്ന് കമ്പനി അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്തവർഷം തന്നെ ആദ്യ മെഴ്സിഡസ് ബെൻസ് ഇലക്ട്രിക്ക് വാഹനം നിരത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തുട‌ർന്ന് കമ്പനിയുടെ നിലവിലുള്ള എല്ലാ മോഡലുകളുടേയും ഇലക്ട്രിക്ക് വേർഷൻ വിപണിയിൽ അവതരിപ്പിക്കും. 2025ഓടെ പൂർണമായി ഇലക്ട്രിക്ക് കാർ നിർമാണ രംഗത്തേക്ക് ശ്രദ്ധ പതിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മെഴ്സിഡസ് ബെൻസ് സി ഇ ഒ ഒലാ കലേനിയസ് പറഞ്ഞു. ഒറ്റ ചാർ‌ജിൽ 1000 കിലോമീറ്റ‌ർ വരെ റേഞ്ച് ലഭിക്കുന്ന വിഷൻ ഇ ക്യു എക്സ് എക്സ് എന്ന മോഡൽ അടുത്ത വർഷം തന്നെ അനൗൺസ് ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്.