photo

ലക്ഷങ്ങൾ കടമെടുത്താണ് കുട്ടനാട്ടിലെ യുവാവ് ഹൗസ് ബോട്ട് പണിതിറക്കിയത്. വള്ളം നീരണിഞ്ഞതിന്റെ പത്താംദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചു. ഒരൊറ്റ ട്രിപ്പുപോലും ഓടാനാവാതെ അത് മഴയത്തും വെയിലത്തും കിടന്നു നശിക്കുകയാണ്. ട്രിപ്പ് പോകാതെ വരുമാനമെവിടെ? മാസം മുപ്പത്തിനായിരത്തിനടുത്താണ് ബാങ്ക് ലോണിന്റെ തിരിച്ചടവ്. ഒരു നയാപ്പൈസ വരുമാനമില്ലാത്തയാൾ വായ്‌പ തിരിച്ചടയ്ക്കുന്നതെങ്ങനെ? ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത മനുഷ്യരാണ് കൊവിഡിന്റെ പ്രഹരത്താൽ തക‌ർന്നു വീഴാറായിരിക്കുന്നത്.

കൊവിഡാനന്തരം സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആത്മഹത്യകളിലേറെയും കടംവാങ്ങിയും, ബാങ്ക് ലോണെടുത്തും തുടങ്ങിവച്ച സംരംഭങ്ങളുടെ ഉടമസ്ഥരും മറ്റുമാണ്. ജീവിതത്തിൽ പ്രതീക്ഷയുടെ തിരിനാളം കണ്ട് യാത്രതിരിച്ചവരുടെ ഇരുളടഞ്ഞ ജീവിതത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സർക്കാർ ഉദ്യോഗസ്ഥർ ഒഴികെ എല്ലാവരും കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയെ നേരിടുകയാണ്. പണിയില്ലാതെയായ കൂലിപ്പണിക്കാർ നിത്യജീവിതം മുന്നോട്ടു നീക്കാൻ അഞ്ഞൂറും ആയിരവും കടംവാങ്ങി മടുത്തിരിക്കുന്നു.
ഈയവസരത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി, നൂറുശതമാനം തൊഴിൽ സാദ്ധ്യതകളുള്ള ഹ്രസ്വകാല കോഴ്സുകൾക്ക് രൂപം നൽകാൻ സർക്കാർ
സർവകലാശാലകൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. നല്ലതുതന്നെ; സാമ്പത്തിക പ്രതിസന്ധി ജനത്തെപ്പോലെ സർക്കാരിനെയും ബാധിച്ചിട്ടുണ്ട്. വ്യവസായരംഗം തകരുകയും അതുവഴി നികുതിയുടെ ഒഴുക്ക് നിലയ്‌ക്കുകയും ചെയ്‌തപ്പോൾ സർക്കാരും പ്രതിസന്ധിയിലായി. ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് വർഷിച്ചുണ്ടായ പ്രതിസന്ധിയിൽ നിന്ന് ജപ്പാൻ തിരിച്ചുവന്നത് അപാരമായ മനഃസാന്നിദ്ധ്യത്തിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും പിൻബലത്തോടെയായിരുന്നു. കൊവിഡും സമാനമായ പ്രതിസന്ധി തന്നെയാണ് നമ്മുടെ സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ഹിരോഷിമ പോലെ ഭൗതികമായ തകർച്ച അല്ലെന്നുമാത്രം. എങ്കിലും സർവതും തകർന്ന പ്രതീതി. തിരിച്ചുവരവ് എങ്ങനെയെന്നു നിശ്ചയിക്കാനാവാത്ത സന്ദർഭം. കൊവിഡിനു മുമ്പ് വ്യവസായരംഗം സജീവമായിരുന്നപ്പോൾ തന്നെ പിടിച്ചുനിൽക്കാൻ പാടുപെട്ടിരുന്നവർ കൊവിഡോടെ വൻ പ്രതിസന്ധിയുടെ ആഴങ്ങളിൽ വീണുപോയി. സാമ്പത്തിക പരാധീനതകൾ ആത്മാഭിമാനത്തെപ്പോലും ചോദ്യം ചെയ്യുമ്പോഴുമാണ് പലരും ആത്മഹത്യയിലേക്ക് വഴുതിവീഴുന്നത്.

കൊവിഡാനന്തരം പ്രതിസന്ധികളെ മാനസികമായി അതിജീവിക്കാൻ സർക്കാർ തലത്തിൽത്തന്നെ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴും സാമ്പത്തികമായി ബാദ്ധ്യതകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും കരകയറാൻ അവർക്കാകുന്നില്ല. സ്‌നേഹവും, കരുതലും നല്‌കി സാമ്പത്തികമായി ആവശ്യമായ സംരക്ഷണം നല്‌കിയാൽ മാത്രമേ അവരെ നിലനിറുത്താനാകൂ.
ജി.എസ്.ടി ലൈസൻസെടുത്തിട്ടുള്ള എത്രയോ വ്യവസായ സ്ഥാപനങ്ങളാണ് ഇതിനകം അടച്ചുപൂട്ടിയിരിക്കുന്നത്. നാളെ കൊവിഡ് മുക്തമാകുമ്പോൾ എത്രപേർക്ക് കടബാദ്ധ്യതകൾ തീർത്തുകൊണ്ട് ജീവിതത്തിലേക്ക് തിരികെയെത്താൻ കഴിയും എന്നതിനെക്കുറിച്ചും യാതൊരു രൂപരേഖയുമില്ല. എല്ലാം ശരിയാകും എന്ന പ്രതീക്ഷ മാത്രമാണ് അവശേഷിക്കുന്നത്. അതിനാൽ പ്രതിസന്ധികളിൽ പെട്ടവരെ സംരക്ഷിക്കാനാവശ്യമായ കരുതൽ ഇടപെടലുകൾ ഭരണകേന്ദ്രങ്ങളിൽ നിന്നും സാമൂഹ്യപ്രവർത്തകരിൽ നിന്നും സന്നദ്ധസംഘടനകളിൽ നിന്നും ഉണ്ടാവണം.


(ലേഖകൻ കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്‌റ്റന്റ് പ്രൊഫസറാണ്. ഫോൺ: 9946199199)​