street-vendors-

ലക്നൗ : റോഡരികിൽ തട്ടിൽ കച്ചവടം ചെയ്യുന്ന സാധാരണക്കാരായ കച്ചവടക്കാരുടെ ആസ്തി അന്വേഷിച്ച ആദായനികുതി വകുപ്പിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. സമൂസയും, വെറ്റിലയും വിൽക്കുന്നവർ കോടീശ്വരൻമാരാണെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. 256 ഓളം തെരുവ് കച്ചവടക്കാരുടെ വിവരങ്ങളാണ് പുറത്തായത്. ഇതിൽ ചില കച്ചവടക്കാർക്ക് മൂന്ന് കാറുകൾ വരെയുണ്ട്. എന്നാൽ ഇതുവരെയും ഒരു രൂപ പോലും ഇവർ നികുതി അടച്ചിട്ടില്ല.

ആദായനികുതി വകുപ്പിന്റെയും ജിഎസ്ടി രജിസ്‌ട്രേഷന്റെയും സംഘമാണ് അന്വേഷണം നടത്തിയത്.

തെരുവിൽ പഴം കച്ചവടം ചെയ്യുന്നവരിൽ പോലും ലക്ഷക്കണക്കിന് വരുമാനമുളളവരുണ്ട്. അതിൽ നൂറുകണക്കിന് ഏക്കറിൽ കൃഷി ഇറക്കിയവർ പോലുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 375 കോടി രൂപയുടെ സ്വത്ത് ഇത്തരത്തിൽ തെരുവ് കച്ചവടക്കാർ സമ്പാദിച്ചത് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ സംഭവിച്ചതാണ്.

കൃഷി സ്ഥലത്തിന് പുറമേ നഗരഹൃദയത്തിൽ മോഹവില നൽകി ഭൂമിയും കെട്ടിടവും വാങ്ങിയവരുമുണ്ട്. സ്വരൂപ് നഗർ, ആര്യനഗർ, ഹുലഗഞ്ച്, ബിർഹാന റോഡ്, ഗുമതി, പിറോഡ് എന്നിങ്ങനെയുള്ള ഭൂമിക്ക് വിലകൂടിയ സ്ഥലങ്ങളിലും ഇവർ വസ്തു വാങ്ങിയിട്ടുണ്ട്.