lal-unni

അഞ്ച് വർഷം മുമ്പ് ഇറങ്ങിയ തെലുങ്ക് ചിത്രമായ ജനതാ ഗാരേജിൽ മോഹൻലാലിനോടൊപ്പം അഭിനയിച്ചുവെങ്കിലും മലയാളത്തിൽ അത്തരമൊരു അവസരം ഇതുവരെയായും ഉണ്ണി മുകുന്ദന് ലഭിച്ചിരുന്നില്ല. ഇപ്പോൾ ഉണ്ണിയുടെ ആ ആഗ്രഹവും സഫലമാകുകയാണ്. ഒന്നല്ല, രണ്ട് ചിത്രങ്ങളിലാണ് ഉണ്ണി മുകുന്ദൻ മോഹൻലാലിനൊപ്പം സ്ക്രീനിൽ വരുന്നത്. ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും ജീത്തു ജോസഫ് ഒരുക്കുന്ന 12ത്ത് മാനിലുമാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. ഇതില്‍ ബ്രോ ഡാഡിയിലേത് അതിഥിവേഷമാണെങ്കില്‍ 12ത്ത് മാനിലേത് മുഴുനീള കഥാപാത്രമാണ്.

മോഹൻലാലിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന ബ്രോ ഡാഡിയിൽ സംവിധായകൻ പ്രിഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ലൂസിഫറിൽ നിന്നും തികച്ചും വ്യത്യസ്ഥമായി രസകരമായ ഒരു കുടുംബചിത്രമായിരിക്കുമെന്നാണ് പ്രിഥ്വിരാജ് പറഞ്ഞത്.

ദൃശ്യം 2നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന 12ത്ത് മാനിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് ആര്‍ കൃഷ്‍ണകുമാറാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് രണ്ട് ചിത്രങ്ങളും നിര്‍മിക്കുന്നത്.