job-search-

കൊവിഡും, ലോക്ക്ഡൗണും കാരണം ജോലി നഷ്ടമായവർ നിരവധി പേരാണ്. പുതിയ ജോലികൾക്കായി വരും നാളുകളിൽ വിവിധ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്നവർക്കായി ഒരു ടിപ്സ് പറയുകയാണ് ഗവേഷകർ. വ്യക്തിഗത വിവരങ്ങളിലല്ല നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിലായിരിക്കും കമ്പനികൾ കണ്ണെറിയുന്നത്. അതിനാൽ പ്രൊഫൈൽ ചിത്രത്തിൽ ചുറുചുറുക്കും പ്രസരിപ്പുമുള്ള ചിത്രം ചേർക്കാൻ മറക്കരുത്. യുഎസ് ആസ്ഥാനമായുള്ള ലിങ്ക്ഡ്ഇൻ ഉപയോക്താക്കളുടെ ഇടയിൽ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

ഉന്നത ബിരുദം നേടിയവർക്കിടയിലും താരതമ്യേന ശരാശരി യോഗ്യതയുള്ളവരിലും ഈ പഠനം നടത്തിയപ്പോൾ ലഭിച്ച ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. പഠനത്തിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും, ഗവേഷകർ അവരുടെ കഴിവുകളും ശുപാർശകളും സഹിതം എത്ര ലിങ്ക്ഡ് ഇൻ കോൺടാക്റ്റുകളുണ്ടെന്ന് രേഖപ്പെടുത്തി. പിന്നാലെ ഈ പ്രൊഫൈലുകളിൽ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ എത്ര പഴക്കമുള്ളതാണെന്നും പരിശോധിച്ചു. ചെറുപ്പമായി കാണപ്പെടുന്ന മുഖം ഉയർന്ന ശാരീരികവും മാനസികവുമായ ശാരീരികക്ഷമതയുടെ മതിപ്പ് സൃഷ്ടിക്കുന്നതായും ഗവേഷകർ കണ്ടെത്തി.
അതിനാൽ തന്നെ തൊഴിൽ അന്വേഷിച്ചു കൊണ്ട് ഓൺലൈനിൽ പ്രൊഫൈലുകൾ തയ്യാറാക്കുമ്പോൾ നിങ്ങളിൽ ആത്മവിശ്വാസം നിറച്ച ഫോട്ടോ ഉപയോഗിക്കാൻ മറക്കരുത്.