chanu

ടോക്യോ: അഞ്ച് വർഷം മുമ്പ് റിയോ ഒളിമ്പിക്സിൽ നിന്നും നാണംകെട്ട് പടിയിറങ്ങിയ മിരാബായ് ചാനുവിനെയല്ല ടോക്യോയിൽ കണ്ടത്. ആത്മവിശ്വാസത്തിന്റെ ആൾരൂപമായിരുന്നു ഇന്ന് ടോക്യോയിൽ ചാനു. എന്നാൽ മെഡൽ ദാന ചടങ്ങിൽ ചാനു അണിഞ്ഞ കമ്മലുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. റിയോ ഒളിമ്പിക്സിൽ അണിഞ്ഞിരുന്ന അതേ കമ്മലുകളാണ് ചാനു ഇന്നും അണിഞ്ഞത്. ഒളിമ്പിക്സിന്റെ അഞ്ച് വളയങ്ങൾ കൊണ്ട് നിർമിച്ച കമ്മലുകൾക്ക് പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്.

റിയോ ഒളിമ്പിക്സിനു മുമ്പ് ചാനുവിന്റെ അമ്മ സ്വന്തം ആഭരണങ്ങൾ വിറ്റ് നിർമിച്ചു കൊടുത്തതായിരുന്നു ആ കമ്മലുകൾ. റിയോയിൽ മത്സരിക്കുമ്പോൾ ആ കമ്മലുകൾ ചാനുവിന് ഭാഗ്യം കൊണ്ടുവരുമെന്നായിരുന്നു അമ്മയുടെ കണക്കുകൂട്ടൽ എന്നാൽ പ്രതീക്ഷിച്ചതു പോലെ നടന്നില്ല. ചാനുവിന് തന്റെ മത്സരം പോലും പൂർത്തിയാക്കാനാകാതെ റിയോയിൽ നിന്ന് മടങ്ങേണ്ടി വന്നു.

അന്ന് കൂടെവരാത്ത ഭാഗ്യം ഇന്ന് വെള്ളി മെഡലിന്റെ രൂപത്തിൽ ചാനുവിനെ തേടിയെത്തി. അപ്പോഴും അമ്മയുടെ സമ്മാനവും റിയോയിലെ ദു:ഖവും ചാനു മറന്നിരുന്നില്ല. മെഡൽ ദാന ചടങ്ങിന് എത്തിയപ്പോൾ ചാനുവിന്റെ കാതിൽ പഴയ ആ കമ്മലുകളും ഉണ്ടായിരുന്നു.