കൊല്ലം: കുന്നത്തൂർ നെടിയവിളയിൽ നവവധുവിനെ വീട്ടിലെ ജനലഴിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടിയവിള മാണിക്യമംഗലം കോളനിയിൽ രാജേഷ് ഭവനത്തിൽ രാജേഷിന്റെ ഭാര്യ ധന്യാദാസ് (21) ആണ് മരിച്ചത്. പുലർച്ചെ നാലരയോടെയാണ് രാജേഷിന്റെ വീടിന്റെ ജനലഴിയിൽ തൂങ്ങിയ നിലയിൽ ധന്യയെ കണ്ടെത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സംശയം.
ടിപ്പർ ലോറി ഡ്രൈവറായ രാജേഷും പേരയം സ്വദേശിനിയായ ധന്യാദാസും എട്ട് വർഷമായി അടുപ്പത്തിലായിരുന്നു. വിവാഹ ബന്ധത്തിന് ആലോചന നടത്തിയെങ്കിലും ഇരുവീട്ടുകാർക്കും താൽപര്യമുണ്ടായിരുന്നില്ല. രാജേഷ് നിരവധി ക്രിമിനൽ കേസുകളിൽ മുമ്പ് പ്രതിയായിരുന്നതും മദ്യപാനിയുമായിരുന്നതാണ് ധന്യയുടെ വീട്ടുകാർ വിവാഹത്തെ എതിർക്കാൻ കാരണം. രാജേഷ് ക്രിസ്ത്യാനിയും ധന്യാദാസ് ഹിന്ദു മതക്കാരിയുമായിരുന്നു. ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞ ധന്യയ്ക്ക് അടുത്തിടെ ഒരുസ്വകാര്യ ബാങ്കിലേക്ക് ഇന്റർവ്യൂ കഴിഞ്ഞ് കരുനാഗപ്പള്ളിയിലെ ബ്രാഞ്ചിൽ നിയമന ഉത്തരവും ലഭിച്ചിരുന്നു. ബന്ധുക്കൾ എതിർത്തതോടെ രണ്ടര മാസം മുമ്പ് ഇരുവരും ഒളിച്ചോടി ഒന്നിച്ച് താമസം തുടങ്ങി. തുടർന്ന് വിവാഹം നടത്തിക്കൊടുക്കാമെന്ന ധാരണയുണ്ടാക്കി ധന്യയെ ബന്ധുക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അങ്ങനെ, മേയ് 7ന് ലളിതമായ ചടങ്ങുകളോടെ വിവാഹവും നടത്തി. വിവാഹത്തിന് ശേഷം രാജേഷ് കൂടുതൽ മദ്യപാനിയാവുകയും ദിവസവും ധന്യയുമായി വഴക്കുണ്ടാക്കാനും തുടങ്ങി. ഇവരുടെ വീട്ടിൽ വഴക്ക് പതിവായിരുന്നെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടുൾപ്പടെ വഴക്കുണ്ടാക്കുമായിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.
സ്വന്തമായി ടിപ്പർലോറിയുള്ള രാജേഷ് ഇന്നലെ രാത്രിയും മദ്യപിച്ചാണ് വീട്ടിലെത്തിയത്. തുടർന്ന് ധന്യയുമായി വഴക്കുണ്ടാക്കി. അതിനുശേഷം ലോറിയിൽ കിടന്നുറങ്ങി. മഴ ശക്തമായതോടെ ലോറിയിൽ നിന്ന് ഇറങ്ങി വീട്ടിലെ തറയിൽ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റപ്പോഴാണ് ധന്യാദാസിനെ ജനലഴിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ രാജേഷും നാട്ടുകാരും ചേർന്ന് ധന്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുണ്ടറ പേരയം ഈരിക്കുഴി ധന്യാഭവനത്തിൽ ഷൺമുഖദാസ്- ലില്ലിക്കുട്ടി ദമ്പതികളുടെ മകളാണ് ധന്യാദാസ്. ഷൺമുഖദാസിന്റെ കുടുംബവീടിന് അടുത്താണ് രാജേഷിന്റെ വീട്. അവിടെവച്ചുള്ള പരിചയമാണ് പിന്നീട് പ്രണയബന്ധമായി മാറിയത്. ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദ്ധരടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. അറസ്റ്രിലായ രാജേഷിനെ ചോദ്യം ചെയ്തുവരികയാണ്.