കാബൂൾ : യു.എസ് സേനാപിന്മാറ്റത്തെ തുടർന്ന് രാജ്യത്ത് വിവിധ മേഖലകളിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ച് അഫ്ഗാൻ സർക്കാർ. രാജ്യത്തെ തന്ത്രപ്രധാനമായ പല അതിർത്തി പ്രദേശങ്ങളിലും താലിബാൻ മുന്നേറ്റം തുടരുന്നതിനിടെയാണ് ഇതിന് തടയിടാനെന്നോണം സർക്കാരിന്റെ പുതിയ തീരുമാനം. അഫ്ഗാനിലെ 34 പ്രവിശ്യകളിൽ കാബൂൾ, പൻജ്ഷീർ, നൻർഹാർ എന്നിവിടങ്ങളൊഴികെ മറ്റ് 31 ഇടത്താണ് രാത്രി 10 മുതൽ പുലർച്ചെ 4 വരെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 260 തോളം താലിബാൻ പോരാളികളെ കൊന്നൊടുക്കിയെന്ന് അഫ്ഗാൻ സേനാ വൃത്തങ്ങൾ അറിയിച്ചു.
താലിബാനെതിരെ അഫ്ഗാൻ സൈന്യത്തിന് പിന്തുണ നല്കാൻ വ്യോമാക്രമണം നടത്തിയെന്ന് ആക്രമണങ്ങളിൽ താലിബാൻ പക്ഷത്ത് ആൾനാശമുണ്ടായതായും പെന്റഗൺ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാൽ താലിബാൻ ഇതിനെതിരെ രൂക്ഷ വിമർശനമുമായി രംഗത്തെത്തിയിരുന്നു. അമേരിക്കയുടേത് കരാർ ലംഘനമാണെന്നും ഇത് തുടർന്നാൽ പ്രത്യാക്ഷാതങ്ങളുണ്ടാകുമെന്നും താലിബാൻ വക്താവ് പ്രതികരിച്ചു. അഫ്ഗാൻ സേനയ്ക്കെതിരേയും താലിബാൻ മുന്നറിയിപ്പ് നല്കി. താലിബാൻ അധീനതയിലുള്ള പ്രദേശങ്ങളെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും അഫ്ഗാൻ സേനയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അഫ്ഗാനിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം
അഫ്ഗാനിസ്ഥാനിൽ താലിബാൻ പലയിടങ്ങളിലും മുൻതൂക്കം നേടിയതോടെ രാജ്യത്തെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി.അഫ്ഗാനിലെ സ്ഥിതി ഗുരുതരമായതിനാൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും പ്രധാന നഗരങ്ങളിൽ നിന്ന് പുറത്തേക്കു പോകുന്നത് ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി പുറത്ത് വിട്ട മാർഗ നിർദ്ദേശങ്ങളിൽ പറയുന്നു. ഇന്ത്യൻ കമ്പനികൾ എംബിസിയുമായി ബന്ധപ്പെട്ട് പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
താലിബാൻ അഫ്ഗാനിസ്ഥാനിൽ നടത്തുന്ന ആക്രമണങ്ങൾ ജന ജീവിതത്തെ സാരമായി ബാധിക്കുന്നതിനാൽ അഫ്ഗാനിസ്ഥാനിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോയിട്ടുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണം.
സൈനിക താവളങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നത് കഴിവതും ഒഴിവാക്കണം. അഫ്ഗാനിസ്ഥാനിലുള്ള
ഇന്ത്യക്കാർ എംബസിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു.