egg

പോഷകങ്ങളുടെ കലവറയായ മുട്ട പലർക്കും ഒഴിവാക്കാൻ കഴിയാത്ത ഭക്ഷണമാണ്. ജീവകം എ, ബി, കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ് തുടങ്ങിയ ഘടകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് അനിവാര്യമായ 9 അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു. പലർക്കും മുട്ടയുടെ മഞ്ഞയോട് പ്രിയം കുറവാണ്. മുട്ടയുടെ വെള്ളയിൽ നിന്നും മഞ്ഞയിൽ നിന്നും ധാരാളം പ്രോട്ടീൻ ശരീരത്തിന് ലഭിക്കും. മുട്ടയുടെ വെള്ളയിൽ കലോറി കുറവും മഞ്ഞയിൽ കൂടുതലുമാണ്. മഞ്ഞയിൽ നിന്ന് വിറ്റാമിനും മിനറലുകളും ധാരാളം ലഭിക്കുമ്പോൾ വെള്ളയിൽ നിന്ന് ലഭിക്കുന്നത് കുറവായിരിക്കും. മുട്ടയുടെ മഞ്ഞയും വെള്ളയും ഒരുപോലെ ആവശ്യമുള്ളതാണ്. അതിനാൽ മുട്ട മുഴുവനായി കഴിക്കുന്നതാണ് ഏറെ ഉത്തമം. എല്ലുകളുടെയും പല്ലി​ന്റെയും പേശികളുടെയും നിർമ്മാണത്തെ മുട്ട സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും പ്രതിരോധശേഷി കൂട്ടാനും മുടിയുടെ വളർച്ചയ്ക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനുമെല്ലാം മുട്ടയിലുള്ള പോഷകങ്ങൾ സഹായിക്കും. ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ മുട്ട മുഴുവനായി കഴിക്കുന്നതിനുപകരം വെള്ള മാത്രം കഴിക്കുക.