twitter-india

ബംഗളൂരു: ഉത്തർപ്രദേശ് ഗാസിയാബാദിൽ മുസ്ളിം വൃദ്ധനെ ആൾക്കൂട്ടം മർദ്ദിക്കുന്ന വീഡിയോ ട്വിറ്ററിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ട്വിറ്റർ ഇന്ത്യ എം.ഡി മനീഷ് മഹേശ്വരി ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവണമെന്ന യു.പി പൊലീസിന്റെ നോട്ടീസ് കർണാടക ഹൈക്കോടതി റദ്ദാക്കി.
ഗാസിയാബാദ് ലോണി ബോർഡർ പൊലീസിന്റെ അധികാരപരിധിക്ക് പുറത്തുള്ളയാളോട് ചോദ്യംചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടത് നിയമപരമായി നിലനിൽക്കില്ലെന്ന മനീഷ് മഹേശ്വരിയുടെ വാദം അംഗീകരിച്ച കോടതി, ക്രിമിനൽ നടപടിക്രമത്തിലെ സെക്ഷൻ 41 എ പ്രകാരമുള്ള നോട്ടീസ് അയച്ചത് ഹർജിക്കാരനെ സമ്മർദ്ദത്തിലാക്കാനും പീഡിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും വിമർശിച്ചു. അറസ്റ്റ് ഭീഷണിയുള്ളതാണ് സെക്ഷൻ 41 എ പ്രകാരമുള്ള നോട്ടീസ്.

ട്വിറ്റർ ഇന്ത്യ എം.ഡിയിൽ നിന്ന് പൊലീസ് തേടിയ വിവരങ്ങൾ പബ്ലിക് ഡൊമൈനുകളിലടക്കം ലഭ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

രേഖകൾ പ്രകാരം, ട്വിറ്റർ കമ്മ്യൂണിക്കേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്വതന്ത്ര കമ്പനിയാണ്. യു.എസ് ആസ്ഥാനമായ ട്വിറ്ററിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിൽ ഇതിന് പങ്കില്ല. കേസിൽ ട്വിറ്റർ ഇന്ത്യ എം.ഡി പ്രതിയല്ല. അദ്ദേഹത്തിന് പ്രഥമദൃഷ്ട്യാ പങ്കുണ്ടോ എന്ന് ലവലേശം പോലും വസ്തുതാ പരിശോധന നടത്താതെയാണ് യു.പി പൊലീസ് നോട്ടീസ് അയച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.