cbi-raid

ശ്രീനഗർ: അനധികൃതമായി തോക്കുകൾക്ക് ലൈസൻസ് അനുവദിച്ചതിലെ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് ജമ്മു കാശ്‌മീരിലും ഡൽഹിയിലുമായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഷാഹിദ് ഇഖ്ബാൽ ചൗധരിയുടെ വീട്ടിലടക്കം 40 സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി. നിലവിൽ ജമ്മുവിലെ യുവജനമിഷന്റെ സി.ഇ.ഒയും ഗോത്രവർഗ ക്ഷേമകാര്യ സെക്രട്ടറിയുമായ ഷാഹിദ് മുമ്പ് കത്വയിലും ഉധംപൂരിലും ഡെപ്യൂട്ടി കമ്മിഷണറായിരിക്കെ, കള്ളപ്പേരിൽ ആയിരക്കണക്കിനാളുകൾക്ക് തോക്ക് ലൈസൻസ് അനുവദിച്ചെന്ന ആരോപണത്തെ തുടർന്നാണ് പരിശോധന.

മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരും ഇതിൽ ഉൾപ്പെടുമെന്നാണ് വിവരം.

ജമ്മു കാശ്‌മീരിൽ മാത്രം 2012 ന് ശേഷം രണ്ട് ലക്ഷത്തിലധികം ലൈസൻസുകളാണ് നിയമവിരുദ്ധമായി അനുവദിച്ചതെന്നാണ് റിപ്പോർട്ട്. തോക്കുകളുടെ ലൈസൻസുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പാണിത്.

ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജീവ് രഞ്ജൻ ഉൾപ്പെടെ കഴിഞ്ഞ വർഷം അറസ്റ്റിലായ രണ്ട് ഉന്നത ഉദ്യോഗസ്ഥർ അടക്കം എട്ടു ഡെപ്യൂട്ടി കമ്മിഷണർമാരാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിൽ വരുന്നത്.
2017ൽ രാജസ്ഥാനിലെ ഭീകര വിരുദ്ധ സ്‌ക്വാഡാണ് തോക്കുകൾക്ക് ലൈസൻസ് നൽകുന്നതിലെ അഴിമതി ആദ്യം കണ്ടെത്തിയത്. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നേരത്തേ തന്നെ സി.ബി.ഐ പറഞ്ഞിരുന്നു. 2017ൽ രഞ്ജന്റെ സഹോദരനെ ഭീകരവിരുദ്ധ സംഘടന അറസ്റ്റ് ചെയ്തതോടെയാണ് സംഭവം വെളിച്ചത്തു വരുന്നത്. രഞ്ജന്റെ സഹോദരനും മറ്റുള്ളവരും തോക്ക് വ്യാപാരികൾക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നതിനിടെയാണ് പിടിയിലായത്.