കാബൂൾ: താലിബാൻ നീക്കങ്ങൾക്ക് തടയിടുന്നതിനും അക്രമം കുറയ്ക്കുന്നതിനുമായി രാജ്യത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തി അഫ്ഗാൻ ഭരണകൂടം. പ്രാദേശിക സമയം രാത്രി 10 മുതൽ പുലർച്ചെ നാലു വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കാബൂൾ, പഞ്ജീർ, നംഗർഹാർ എന്നിവിടങ്ങളൊഴികെ മറ്റ് 31 പ്രവിശ്യകളിലാണ് ഇത് പ്രാബല്യത്തിൽ വരികയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, യു.എസ് സേനാപിന്മാറ്റത്തെ തുടർന്ന് താലിബാന്റെ ശക്തമായ ആക്രമണത്തിൽ പതറിപ്പോയ അഫ്ഗാൻ സർക്കാരിന് പിന്തുണയുമായി യു.എസ് വീണ്ടും രംഗത്തെത്തിയതായ റിപ്പോർട്ടുകൾ പുറത്തുവന്നു. അഫ്ഗാനിസ്ഥാനിൽ മുന്നേറ്റം നടത്തുന്ന താലിബാനെ തുരത്താൻ അമേരിക്കൻ സേന വ്യോമാക്രമണം നടത്തി. അഫ്ഗാനിൽനിന്നു യു.എസ് സൈനിക പിന്മാറ്റം ഉറപ്പായതോടെ വിജയമുറപ്പിച്ച് പോരാട്ടത്തിനിറങ്ങിയ താലിബാനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വ്യോമാക്രമണം നടത്തിയതായി പെന്റഗൺ വക്താവ് ജോൺ കിർബി വ്യക്തമാക്കി.
ഇതിനെതിരെ വിമർശനവുമായി താലിബാൻ രംഗത്തെത്തി. യു.എസിന്റേത് കരാർ ലംഘനമാണെന്നും ഇത് തുടർന്നാൽ പ്രത്യാഘാതമുണ്ടാകുമെന്നും താലിബാൻ വക്താവ് പ്രതികരിച്ചു. അഫ്ഗാൻ സേനയ്ക്കും താലിബാൻ മുന്നറിയിപ്പ് നല്കി. തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും അഫ്ഗാൻ സേനയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
യു.എസ് അഫ്ഗാനിലെ തങ്ങളുടെ സെെന്യത്തെ പിൻവലിച്ചതോടെയാണ് താലിബാൻ വീണ്ടും രാജ്യത്ത് ഉയിർത്തെഴുനേറ്റത്. രാജ്യത്തെ പകുതിയിലേറെ പ്രവിശ്യകൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. 2001 സെപ്റ്റംബർ 11ന് അൽ-ഖ്വയ്‌ദ വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടതിന് പിന്നാലെ യു.എസ് അഫ്ഗാനിൽ ആരംഭിച്ച സെെനിക ദൗത്യം ആഗസ്റ്റ് 31ഓടെ ഔദ്യോഗികമായി അവസാനിപ്പിക്കാനുളള ഒരുക്കത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡൻ.