harikrishna

ചേർത്തല: കൊല്ലപ്പെട്ടനിലയിൽ ഇന്നലെ കണ്ടെത്തിയ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്സ് ഹരികൃഷ്ണയെ പലപ്പോഴും ജോലികഴിഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നത് വർക്ക്ഷോപ്പ് ജീവനക്കാരനും സഹോദരീ ഭർത്താവുമായ പ്രതി രതീഷായിരുന്നു. ഒന്നരവർഷം മുമ്പ് ഗൾഫിൽ നിന്ന് മടങ്ങിവന്നശേഷമാണ് രതീഷ് വർക്ക് ഷോപ്പ് പണിക്കിറങ്ങിയത്. കൊലപാതകം നടന്ന വെള്ളിയാഴ്ച ഹരികൃഷ്ണ രാത്രി വൈകിയും വീട്ടിലെത്താതായതോടെ വീട്ടുകാർ ഫോണിൽ വിളിച്ചതും രതീഷിനെയാണ്. പക്ഷേ വ്യക്തമായ വിവരം ലഭിച്ചില്ല.

മകളെ കാണാനില്ലെന്ന് ശനിയാഴ്ച പുലർച്ചെ മാതാപിതാക്കൾ പട്ടണക്കാട് പൊലീസിൽ പരാതി നൽകി. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ രതീഷിന്റെ അടച്ചിട്ടിരുന്ന വീടു തുറന്നതോടെയാണ് ഹരികൃഷ്ണയെ കിടപ്പുമുറിയോടു ചേർന്ന മുറിയിൽ തറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഹരികൃഷ്ണയുടെ ചുണ്ടിൽ ചെറിയ മുറിവും തലയ്ക്ക് പിന്നിൽ ക്ഷതവുമുണ്ടായിരുന്നു. ചെരുപ്പുധരിച്ച നിലയിലുള്ള മൃതദേഹത്തിന്റെ വസ്ത്രത്തിലും ശരീരത്തിന്റെ പലഭാഗത്തു മണൽ പുരണ്ടിരുന്നതായി കണ്ടെത്തി. മൃതദേഹം പുറത്തേക്ക് വലിച്ചിറക്കിയപ്പോൾ മണൽ പുരണ്ടതാണെന്ന് പ്രതി വെളിപ്പെടുത്തി.

നീതുവിന്റെയും രതീഷിന്റെയും കുട്ടികളെ നോക്കാനായി ഹരികൃഷ്‌ണ മിക്കപ്പോഴും ഈ വീട്ടിലെത്തിയിരുന്നു. അതുവഴി ഇവർ അടുപ്പത്തിലായിരുന്നു.

ജോലികഴിഞ്ഞ് ബസിൽ ചേർത്തലയിൽ എത്തുന്ന ഹരികൃഷ്ണയെ പലപ്പോഴും രതീഷായിരുന്നു സ്‌കൂട്ടറിൽ വീട്ടിലെത്തിച്ചിരുന്നത്. രതീഷിന്റെ വീട്ടിൽ നിന്നും ഒരു കിലോമീ​റ്റർ അകലെയാണ് ഹരികൃഷ്ണയുടെ വീട്. പട്ടണക്കാട് സി.ഐ. ആർ.എസ്. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ പിടികൂടിയത്. ജില്ലാപോലീസ് മേധാവി ജി.ജയദേവ്,അഡിഷണൽ എസ്.പി എ.നസീം, ഡിവൈ.എസ്.പി വിനോദ് പിള്ള എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഹരികൃഷ്‌ണയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് പരിശോധനക്കുശേഷം ഇന്ന് പോസ്​റ്റുമോർട്ടം നടത്തും.

ഭാര്യാസഹോദരിയുടെ കൊലപാതകം:
ഹരികൃഷ്ണയെ സ്കൂട്ടറിൽ വീട്ടിലാക്കിയിരുന്നത് പ്രതി രതീഷ്