v-muraleedharan

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പ് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണബാങ്കുകളും ഭരിക്കുന്ന സി.പി.എം, നിക്ഷേപകരുടെ പണം നേതാക്കളുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിനും ആഡംബര ജീവിതത്തിനും ഉപയോഗിക്കുകയാണ്. നൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്‍റെ വിശ്വാസമാണ് കമ്മ്യൂണിസ്റ്റുകള്‍ തകര്‍ത്തത്. കേന്ദ്ര സഹകരണ മന്ത്രാലയ രൂപീകരണത്തിന്‍റെ ലക്ഷ്യം "ബാങ്കു കൊള്ള"യാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞത് കേരളത്തിലെ അനുഭവത്തിന്‍റെ വെളിച്ചത്തിലാവണം. ഇഷ്ടക്കാര്‍ക്ക് വന്‍തോതില്‍ വായ്പ്പ അനുവദിച്ച് ബാങ്കുകള്‍ കൊള്ളയടിക്കുന്ന പാരമ്പര്യം ബി.ജെ.പിയുടേതല്ല, സി.പി.എമ്മിന്‍റെതാണെന്ന് അദ്ദേഹത്തിന് അറിയാത്തതല്ല. കരുവന്നൂരില്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം കള്ളം വെളുപ്പിക്കാനാണെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

"കള്ളനെ കാവലേല്‍പ്പിച്ചു" എന്ന ചൊല്ല് അന്വര്‍ഥമാക്കിയിരിക്കുന്നു സിപിഎം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പ് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണബാങ്കുകളും ഭരിക്കുന്ന സിപിഎം, നിക്ഷേപകരുടെ പണം നേതാക്കളുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിനും ആഡംബര ജീവിതത്തിനും ഉപയോഗിക്കുകയാണ്. വന്‍കിടക്കാരല്ല, അന്നന്നത്തെ അധ്വാനത്തിലൂടെ സമ്പാദിച്ച പണമാണ് പാവപ്പെട്ട മനുഷ്യര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിശ്വസിച്ച് നിക്ഷേപിച്ചത്. ഇങ്ങനെ വിശ്വസിച്ച തൊഴിലാളികളടക്കമുള്ളവരുടെ പേരിലാണ് സഖാക്കള്‍ വ്യാജവായ്പ്പയെടുത്തത്. നൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്‍റെ വിശ്വാസമാണ് കമ്മ്യൂണിസ്റ്റുകള്‍ തകര്‍ത്തത്.

കരുവന്നൂരില്‍ ഔദ്യോഗിക കണക്കനുസരിച്ച് 100 കോടിയുടെയും മാധ്യമ റിപ്പോര്‍ട്ടനുസരിച്ച് 300 കോടിയുടെയും തട്ടിപ്പാണ് നടന്നത്. കരുവന്നൂരിലെ തട്ടിപ്പ് ആറു വര്‍ഷമായി ഒളിപ്പിച്ചത് സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ്. കേന്ദ്ര സഹകരണ മന്ത്രാലയ രൂപീകരണത്തിന്‍റെ ലക്ഷ്യം "ബാങ്കു കൊള്ള"യാണെന്ന് സീതാറാം യച്ചൂരി പറഞ്ഞത് കേരളത്തിലെ അനുഭവത്തിന്‍റെ വെളിച്ചത്തിലാവണം..!ആയിരം കോടിയിലേറെ ആസ്ഥിയുള്ള ബാങ്കുകളില്‍ അഞ്ഞൂറു രൂപ തികച്ചെടുക്കാനുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

നേതാക്കളുടെയും ബെനാമികളുടെയും കള്ളപ്പണവും നിക്ഷേപ, വായ്പ്പാ തട്ടിപ്പും പിടിക്കപ്പെടുമോയെന്ന ഭയമാണ് കേന്ദ്രത്തിനെതിരായ നീക്കത്തിന് പിന്നില്‍. ഇഷ്ടക്കാര്‍ക്ക് വന്‍തോതില്‍ വായ്പ്പ അനുവദിച്ച് ബാങ്കുകള്‍ കൊള്ളയടിക്കുന്ന പാരമ്പര്യം ബിജെപിയുടേതല്ല, സിപിഎമ്മിന്‍റെതാണെന്ന് സഖാവ് യച്ചൂരിക്ക് അറിയാത്തതല്ല. കരുവന്നൂരില്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം കള്ളം വെളുപ്പിക്കാനാണ്. മടിയില്‍ കനമില്ലെങ്കില്‍ നിക്ഷേപകര്‍ക്കും നാട്ടുകാര്‍ക്കും വിശ്വാസമുള്ള ഏജന്‍സിയെ അന്വേഷണമേല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.