തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻമന്ത്രി ഉൾപ്പടെ രണ്ട് നേതാക്കൾക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.എസി മൊയ്തീനും ബേബി ജോണിനും ജാഗ്രതക്കുറവ് ഉണ്ടായെന്നും,സംസ്ഥാന നേതൃത്വത്തെ വിഷയം ബോദ്ധ്യപ്പെടുത്തുന്നതിൽ ഇരുവർക്കും വീഴ്ച പറ്റിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ജില്ലാ ഘടകം നേരത്തെ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും സംഭവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിൽ എസി മൊയ്തീനും ബേബി ജോണിനും വീഴ്ചയുണ്ടായെന്നാണ നേതൃത്വത്തിന്റെ വിലയിരുത്തൽ.
പ്രതികളുടെ ഭാര്യമാരുടെ സൂപ്പർ മാർക്കറ്റുകളുടെ ഉദ്ഘാടനത്തിന് അന്ന് മന്ത്രിയായിരുന്ന എസി മൊയ്തീൻ പങ്കെടുത്ത ചിത്രം നേരത്തെ പുറത്തുവന്നിരുന്നു, മന്ത്രിയും രാഷ്ട്രീയ പ്രവർത്തകനുമെന്ന നിലയിൽ പങ്കെടുത്തതാണെന്നും പ്രതികളാരും തന്റെ ബന്ധുക്കളല്ലെന്നുമാണ് മൊയ്തീന്റെ വിശദീകരണം.
സഹകരണ മേഖലയിലെ 90 ശതമാനം ബാങ്കുകളും സിപിഎം നിയന്ത്രണത്തിലുള്ളതാണ്. സിപിഎം ഭരിക്കുന്ന മുഴുവൻ സഹകരണ സ്ഥാപനങ്ങളിലും പാർട്ടി തലത്തിൽ സൂക്ഷ്‌മ പരിശോധനയും ജാഗ്രതയും ഉറപ്പാക്കാൻ സംസ്ഥാന സെക്രട്ടേറിയേറ്റ് നിർദേശം നൽകി.