വർഷങ്ങൾക്ക് മുമ്പ് സിനിമയും സിനിമാപാട്ടുകളും സ്വപ്‌നം കണ്ടുനടന്ന തിരുവനന്തപുരം നഗരത്തിലെ ഒരു മധുരപതിനേഴുകാരൻ. പേരൂർക്കടയിലെ വീട്ടിൽ നിന്ന് തൈയ്‌ക്കാട് മോഡൽ സ്‌കൂളിലേക്ക് നടന്നും പ്രൈവറ്റ് ബസിലെ ഫുട്ട്ബോർഡിൽ തൂങ്ങിയുമൊക്കെ വരുമ്പോൾ മനസിലുണ്ടായിരുന്നത് പാട്ടുകൾ മാത്രം. സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകാൻ നാഹൂം എബ്രഹാമിന് കാലങ്ങൾ കാത്തിരിക്കേണ്ടി വന്നില്ല. ആത്മസമർപ്പണവും കഠിനാദ്ധ്വാനവുമുണ്ടെങ്കിൽ ഏത് ഉയരങ്ങളും താണ്ടാൻ പറ്റുമെന്ന് അയാൾ കാണിച്ച് തന്നു. അങ്ങനെ പതിനേഴാമത്തെ വയസിൽ ഗാനഗന്ധർവ്വനെ കൊണ്ട് സിനിമയിൽ പാട്ട് പാടിച്ചു ഈ പൊടിമീശക്കാരൻ.
തിരുവനന്തപുരം സംഗീതകോളേജിൽ പഠിക്കാൻ ചേർന്ന സമയത്താണ് പാർവണം എന്ന സിനിമയുടെ മ്യൂസിക് ചെയ്യാനുള്ള അവസരം നാഹൂമിനെ തേടിയെത്തുന്നത്. ഒന്നോ രണ്ടോ ആൽബങ്ങൾക്ക് സംഗീതം നൽകി എന്നുളള പരിചയം മാത്രമാണ് അന്നുണ്ടായിരുന്നത്. സംഗീത സംവിധാനം ചെയ്യാൻ കിട്ടിയ അവസരത്തെക്കാൾ ഷോക്കായിരുന്നു നാഹൂമിന്‍റെ വരികൾക്ക് യേശുദാസ് പാടണമെന്ന സംവിധായകന്‍റെ പ്രഖ്യാപനം.
കന്നി ചിത്രത്തിൽ യേശുദാസ് മാത്രമായിരുന്നില്ല ഭാവഗായകൻ പി ജയചന്ദ്രനും മലയാളത്തിന്‍റെ വാനമ്പാടി കെ എസ് ചിത്രയും ജ്യോത്സ്നയും നജീം അർഷാദുമൊക്കെ പാടി. നിർഭാഗ്യവശാൽ പകുതി ചിത്രീകരണം പൂർത്തിയായ സിനിമ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം നിർത്തിവയ്‌ക്കേണ്ടി വന്നു. അങ്ങനെ പാട്ടുകൾ പുറംലോകം കാണാതെ നാഹൂമിന്‍റെ സ്വപ്‌നങ്ങൾ തകർന്നടിഞ്ഞു. ഓഡിയോ റിലീസിന് ഒരാഴ്‌ച മുമ്പായിരുന്നു നാഹൂമിന്‍റെ ഹൃദയം തകർത്തു കൊണ്ട് സിനിമ ഷൂട്ടിംഗ് നിർത്തിവച്ചത്.
മാനസിക സംഘർഷം കാരണം രണ്ടുവർഷം വീട്ടിലടച്ചിരിക്കേണ്ടി വന്ന സ്ഥിതിവിശേഷം വരെ ഉണ്ടായിട്ടുണ്ടെന്ന് നാഹൂം കേരളകൗമുദി ഓൺലൈനിനോട് പറയുന്നു. ആശ്വാസവാക്കുകൾക്ക് അപ്പുറം കളിയാക്കലും കുത്തുവാക്കുകളുമൊക്കെ കേൾക്കേണ്ടി വന്നു. എന്നാൽ തന്‍റെ സംഗീതത്തോടുളള താത്‌പര്യം തളച്ചിടാൻ പാടില്ലെന്ന ദൃഢനിശ്‌ചയത്തോടെ പത്തൊമ്പതാം വയസിൽ അയാൾ വീണ്ടും പാട്ടുകളുടെ ലോകത്തേക്ക് ഇറങ്ങിത്തിരിച്ചു. നല്ല ചില ആൽബങ്ങളുടേയും സിനിമകളുടേയും ഭാഗമാകുന്നത് പിന്നീടാണ്.
ജീവിതo ഒരു മുഖമൂടി, നീർമാതളം പൂത്തകാലം തുടങ്ങി സിനിമകളിൽ സ്വതന്ത്രമായി സംഗീത സംവിധാനം നിർവ്വഹിച്ച നാഹൂം താൻ പതിനേഴാമത്തെ വയസിൽ സംഗീതസംവിധാനം ചെയ്‌ത പാർവണം പുറത്തിറങ്ങിയിരുന്നെങ്കിൽ തലവര തന്നെ മാറുമായിരുന്നുവെന്ന് അൽപ്പം വിഷമത്തോടെ പറയുന്നു.
മലയാളികളുടെ കടൽ ബാൻഡ്
ജീവിതത്തിൽ സംഗീതത്തിന്‍റെ വ്യത്യസ്‌തതയാർന്ന ശൈലികൾ പരീക്ഷിച്ച് കുറച്ചൊക്കെ വിജയം നേടാൻ കഴിഞ്ഞ ഒരാളാണ് താനെന്ന് നാഹൂം ആത്മവിശ്വാസത്തോടെ പറയുന്നു. എന്നാൽ ചില ഇടപെടലുകൾ കാരണം സംഗീത ജീവിതത്തിലെ വലിയ സൗഭാഗ്യങ്ങൾ നഷ്‌ടപ്പെടുകയും ചെയ്‌തിട്ടുണ്ട്. ഒത്തിരി അവസരങ്ങൾ സംഗീതജീവിതത്തിൽ നഷ്‌ടമായിട്ടുണ്ട്, പലരും നഷ്‌ടപ്പെടുത്തിയിട്ടുമുണ്ട്.
സംഗീതസംവിധാന രംഗത്തേക്ക് ചുവടുവച്ചശേഷം പിന്നീട് നല്ലൊരു പാട്ടുകാരൻ ആകണമെന്ന മോഹം അലട്ടിക്കൊണ്ടേയിരുന്നു. അങ്ങനെയാണ് ഫ്രീലാൻസ് മ്യുസീഷ്യൻ ആകണമെന്ന മോഹവും ചിന്തയുമുണ്ടായത്. അതാകുമ്പോൾ സ്വന്തംപാട്ടുകൾ സ്വന്തം ക്രീയേറ്റിവിറ്റിയിലൂടെ പാടുകയും സൃഷ്‌ടിക്കുകയും ചെയ്യാം. ആ ചിന്തയും കഷ്‌ടപ്പാടും ആണ് ഇന്ന് മലയാളികൾകിടയിൽ അറിയപ്പെടുന്ന കടൽ ബാൻഡ് പിറവിയെടുക്കാൻ കാരണം.
ഇന്ത്യയ്‌ക്കകത്തും പുറത്തുമായി ഒട്ടനേകം വേദികളിലാണ് കടൽബാൻഡ് കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് തകർത്താടിയത്. കടലിന്‍റെ പാട്ടുകൾ എല്ലാം തന്നെ കേരള സംസ്‌കാരവും ആചാരങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്.
ക്രിസ്‌തീയ ഗാനങ്ങളുടെ തിരക്കിലേക്ക്
ക്രിസ്‌തീയ ഭക്തിഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിനുവേണ്ടിയാണ് ഇപ്പോൾ കൂടുതൽ സമയവും ചെലവഴിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് ഒത്തിരി നല്ലപാട്ടുകൾ സൃഷ്‌ടിക്കാൻ നാഹൂമിന് സാധിച്ചു. അതിൽ പല ഗാനങ്ങളും ഹിറ്റുമാണ്. കേട്ടു തഴമ്പിച്ച സ്ഥിരമായുള്ള പാറ്റേണിൽ നിന്നും വളരെ വ്യത്യസ്‌തമായി സിനിമാറ്റിക്ക് ലെവലിലാണ് നാഹൂം ഭക്തിഗാനങ്ങൾ ഒരുക്കുന്നത്. നിലവിൽ ചെയ്‌തുകൊണ്ടിരിക്കുന്നതും, ഇനി പുറത്തിറങ്ങാനുള്ളതുമായ ക്രിസ്‌തീയ ഗാനങ്ങളിൽ എല്ലാംതന്നെ തന്‍റേതായിട്ടുള്ള വ്യക്തിമുദ്ര പതിപ്പിക്കാനാണ് നാഹൂം ശ്രമിക്കുന്നത്.
കുടുംബം
അമ്മയും ഭാര്യയും മകളും അടങ്ങുന്ന ഒരു കുഞ്ഞുകുടുംബമാണ് നാഹൂമിന്‍റേത്. പുരോഹിതനായിരുന്ന അച്ഛൻ നേരത്തെ മരണപ്പെട്ടു. അമ്മ സുശീലയിൽ നിന്നാണ് സംഗീതത്തിന്‍റെ വേര് തന്നിലേക്ക് പടരുന്നതെന്ന് നാഹൂം പറയുന്നു. അസാദ്ധ്യമായി പാടുന്ന നല്ലൊരു ശബ്‌ദത്തിനുടമയാണ് അമ്മയെന്ന് നാഹൂം അഭിമാനത്തോടെ പറയും.
സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ഭാര്യ ജാസ്‌മിൻ നാഹൂമിന് കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്. ഒരേയൊരു മകളായ ഇസ അച്ഛന്‍റെ പാട്ട് കേട്ടാൽ ഓടിപാഞ്ഞ് മടിയിൽ വന്നിരിക്കും. തിരുവനന്തപുരം ആകാശവാണിയിലെ എ ഗ്രേഡ് കംപോസർ കൂടിയാണ് നാഹൂം.