karuvannoor

തൃശൂ‌ർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായവർക്ക് സംസ്ഥാനത്ത് പലയിടത്തും നിക്ഷേപങ്ങളും ചില കമ്പനികളിൽ പങ്കാളിത്തവുമുണ്ടെന്ന് സൂചന. കേസിൽ പ്രതികളായ റെജി അനിൽ കുമാർ, കിരൺ, ബിജു, കരീം, ബിജോയ് എ.കെ, ടി.ആർ സുനിൽ, സി.കെ ജിൽസ് എന്നിവരുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം നടത്തുകയാണ്. പ്രതികളുടെ ഇരിങ്ങാലക്കുട, കൊരുമ്പിശേരി, പൊറത്തിശേരി എന്നിവിടങ്ങളിലെ വീടുകളിലാണ് ആറ് സംഘങ്ങളായി തിരിഞ്ഞ് ക്രൈം ബ്രാഞ്ച് സംഘം പരിശോധിക്കുന്നത്.

ഇരിങ്ങാലക്കുടയിൽ രജിസ്‌റ്റർ ചെയ്‌ത നാല് സ്വകാര്യ കമ്പനികളിലും അന്വേഷണം നടത്തിയേക്കും. പെസോ ഇൻഫ്രാസ്‌ട്രക്‌ചേഴ്‌സ്, സിസിഎം, തേക്കടി റിസോർട്ട്, മൂന്നാർ ലക്‌സ് വേ ഹോട്ടൽസ് എന്നിവിടങ്ങളിൽ പ്രതികൾക്ക് പങ്കാളിത്തമുണ്ടെന്നാണ് വിവരം. ഇവയുടെ രേഖകൾ കണ്ടെത്താനാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. പ്രതികളുടെ കുടുംബാംഗങ്ങളിൽ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു.

കേസിൽ പ്രതികളായ പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് ചർച്ച ചെയ്യാൻ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുകയാണ്. പാർട്ടി സംസ്ഥാന ആക്‌ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിദ്ധ്യത്തിലാണ് യോഗം. പ്രതികളെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയേക്കും.

കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ബാങ്ക് ഭരണസമിതി അംഗങ്ങളിൽ നിന്ന് മൊഴിയെടുക്കും. തൃശൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ച് അൽപസമയത്തിനകം ബാങ്ക് ഡയറക്‌ടർമാരിൽ നിന്നുള‌ള മൊഴിയെടുക്കുമെന്നാണ് വിവരം.