indian

ജമ്മു: ജമ്മുവിലെ ഡ്രോൺ ആക്രമണങ്ങളിൽ പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യൻ അതിർത്തി രക്ഷാ സേനയായ ബി എഫ് എഫും പാകിസ്ഥാൻ റേഞ്ചേഴ്സും തമ്മിലുള്ള സെക്ടർ കമാൻഡർ കൂടിക്കാഴ്ചയിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. അതിർത്തിയിലെ സുചേത്ഗർത് പ്രദേശത്ത് പാകിസ്ഥാൻ റേഞ്ചേഴ്സിന്റെ അഭ്യർത്ഥന മാനിച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഫെബ്രുവരിയിൽ ഡിജിഎംഒകൾ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് ശേഷം ഇരുരാജ്യങ്ങളുടെയും അതിർത്തി കാവൽ സേനകൾ തമ്മിലുള്ള ആദ്യ സെക്ടർ കമാൻഡർ ലെവൽ മീറ്റിംഗായിരുന്നു ഇത്.

ഡ്രോൺ ആക്രമണത്തിനാെപ്പം തീവ്രവാദ പ്രവർത്തനങ്ങൾ, അതിർത്തിക്കപ്പുറത്തുനിന്ന് തുരങ്കങ്ങൾ കുഴിക്കൽ, അതിർത്തി നിർണയവുമായി ബന്ധപ്പെട്ട മറ്റുചില പ്രശ്നങ്ങൾ എന്നിവയാണ് കൂടിക്കാഴ്ചയിൽ ഇന്ത്യ പ്രധാനമായും ഉയർത്തിക്കാണിച്ചത്.

സൗഹാർദ്ദപരവും ക്രിയാത്മകവുമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നത്. നേരത്തേ ഡി ജി തലത്തിലുള്ള ചർച്ചകളിൽ എടുത്ത തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ ഇരുപക്ഷവും തീരുമാനത്തിലെത്തുകയും ചെയ്തു. പ്രവർത്തനപരമായ കാര്യങ്ങൾ പരിഹരിക്കുന്നതിന് ഫീൽഡ് കമാൻഡർമാർ തമ്മിലുള്ള തൽക്ഷണ ആശയവിനിമയം പുനർജീവിപ്പിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനിച്ചതായി ബി‌എസ്‌എഫ് വക്താവ് പറഞ്ഞു.

കഴിഞ്ഞമാസം അവസാനമാണ് ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായത്. വിമാനങ്ങളെയും ഹെലികോപ്ടറുകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെങ്കിലും വിജയത്തിലെത്തിയില്ല. സ്ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേൽക്കുകയും കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകളുണ്ടാവുകയും ചെയ്തു. ഇതിനുശേഷം ജമ്മുവിലും പരിസരത്തും നിരവധി തവണ ഡ്രോണുകളെ കണ്ടിരുന്നു. കഴിഞ്ഞദിവസം അതിർത്തികടന്നുവന്ന ഒരു ചൈനീസ് നിർമ്മിത ഡ്രോണിനെ സൈന്യം വെടിവച്ചിട്ടിരുന്നു.