muhammad

കണ്ണൂർ: മലയാളികൾ മനസ് വച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. പ്രളയ കാലത്ത് ഇന്റർനെറ്റ് സഹായത്തോടെ സംസ്ഥാനത്താകമാനം സഹായമെത്തിച്ച മലയാളികൾ അപൂർവ രോഗം ബാധിച്ച് ചികിത്സയ്‌ക്കായി വിലയേറിയ മരുന്ന് വേണ്ടി വന്ന മുഹമ്മദ് എന്ന ഒന്നര വയസുകാരനെയും കൈയയച്ച് സഹായിച്ചു.

സ്‌പൈനൽ മസ്‌കുലാർ അട്രോഫി(എസ്‌എംഎ) എന്ന അത്യപൂർവ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരനായ മുഹമ്മദിന് രോഗം ഭേദമാകാൻ രണ്ട് വയസിന് മുൻപ് സോൾജെൻസ്‌മ എന്ന മരുന്ന് നൽകേണ്ടിയിരുന്നു. എന്നാൽ 18 കോടിയോളം വിലവരുന്ന മരുന്ന് വാങ്ങാൻ അച്ഛനമ്മമാരായ റഫീഖും മറിയവും വഴി കാണാതെയിരിക്കുകയായിരുന്നു. ഇവരുടെ മൂത്ത കുട്ടിയായ അഫ്ര ഇതേ രോഗം ബാധിച്ച് കിടപ്പിലായിരുന്നു.

മുഹമ്മദിന്റെ വാർത്ത അറിഞ്ഞ മലയാളികൾ ഒറ്റ മനസോടെ സഹായിക്കാൻ മുന്നോട്ട് വന്നു. ദിവസങ്ങൾക്കകം മരുന്നിന് വേണ്ട 18 കോടി രൂപ പിരിഞ്ഞുകിട്ടി. ആകെ സംഭാവനയായി ലഭിച്ചത് 46.78 കോടി രൂപയാണ്. മുഹമ്മദിന് വേണ്ട സോൾജെൻസ്‌മ അടുത്ത മാസം ആറിന് എത്തും.

ഇതുവരെ 7,70,000 പേരാണ് പണം നൽകിയത്. ഇതിൽ അഞ്ച് ലക്ഷം രൂപയാണ് ഒറ്റത്തവണ വന്ന ഏറ്റവും വലിയ തുക. മുഹമ്മദിനും സഹോദരി അഫ്രയ്‌ക്കും ചികിത്സയ്‌ക്ക് വേണ്ടിവരുന്ന തുകയ്ക്ക് ശേഷം വരുന്ന പണം സമാനമായ അസുഖം ബാധിച്ച കുട്ടികൾക്ക് നൽകാനാണ് ബന്ധുക്കളുടെ തീരുമാനം. ഇക്കാര്യം സർക്കാരുമായി ആലോചിച്ചാകും തീരുമാനിക്കുക.